Site iconSite icon Janayugom Online

കൗൺസിലിങ് അധ്യാപിക ലൈംഗികമായി പെരുമാറിയെന്ന പരാതി വ്യാജം; ചൈൽഡ് ലൈൻ പ്രവർത്തകന് കഠിനതടവും പിഴയും

സ്കൂൾ വനിതാ കൗൺസിലർ ലൈംഗികമായി പെരുമാറിയെന്ന് ഒൻപതാം ക്ലാസുകാരനെ പരാതി എഴുതിച്ച് വാങ്ങിയ ചൈൽഡ് ലൈൻ പ്രവർത്തകന് അഞ്ചര വർഷം കഠിന തടവും 1,36,000 രൂപ പിഴയും ശിക്ഷ നൽകാൻ ഇടുക്കി അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചു. സംഭവത്തിന്‌ ശേഷം കൗൺസലിംഗ് ടീച്ചർ ആത്മഹത്യ ചെയ്തിരുന്നു. 

2020 ലാണ് കേസിനാസ്പദമായ സംഭവം. കൗൺസിലിങ് ടീച്ചർ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു കുട്ടിയുടെ പരാതി. സ്കൂളിലെ മറ്റ് അധ്യാപകർ കൗൺസിലിങ് വിരോധം മൂലം പ്രതിയെ ഉപയോഗിച്ച് ഇത്തരം ഒരു വ്യാജപരാതികുട്ടിയെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങുകയായിരുന്നത്രെ. പിന്നീട് ഇയാൾ ഈ പരാതി പോലീസിന് കൈമാറി. കുട്ടിയെ കണ്ടു പൊലീസ് മൊഴിയെടുത്തപ്പോഴാണ് കേസിന്റെ ചുരുളഴിയുന്നത്. പ്രതി തന്നെ അടച്ചിട്ട മുറിയിൽ തനിച്ചിരുത്തി ഭീഷണിപ്പെടുത്തിയാണ് പരാതി എഴുതി വാങ്ങിയതെന്ന് കുട്ടി മൊഴി നൽകി. 

പിന്നീടാണ് ചൈൽഡ് ലൈൻ പ്രവർത്തകനെ പ്രതിയാക്കി മൂന്നാർ പൊലീസ് പോക്സോ നിയമം, ജ്യൂവനയിൽ ജസ്റ്റിസ് ആക്ട്, ഇന്ത്യൻ പീനൽ കോഡ് തുടങ്ങി വിവിധ വകുപ്പുകളിൽ കേസ് എടുത്തത്. 17 സാക്ഷികളെയും 23 പ്രമാണങ്ങളും പ്രൊസീക്യൂഷൻ ഹാജരാക്കി. തനിക്ക്കെതിരെയുള്ള എഫ് ഐ ആറ് റദ് ചെയ്യാൻ പ്രതി ഹൈക്കോടതിയെ സമീപിച്ചു. എങ്കിലും സമയബന്ധിതമായി വിചാരണ നടത്താൻ കോടതി നിര്‍ദേശിക്കുകയായിരുന്നു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ രണ്ടു വർഷം കഠിനതടവ് അനുഭവിച്ചാൽ മതി. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം. പിഴ സംഖ്യ മരണപെട്ട ടീച്ചറിന്റെ അവകാശികൾക്ക് നൽകാനും കോടതി ഉത്തരവായി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് ഹാജരായി. 

Exit mobile version