Site iconSite icon Janayugom Online

കോണ്‍ഗ്രസിന് രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമായേക്കും

രാജ്യത്ത് ഭരണത്തില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയെന്ന നിലയില്‍ നിന്ന് രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമാകുമെന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ്. ഉപരിസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കാനുള്ള കുറഞ്ഞ അംഗബലം പോലുമില്ലാത്ത നിലയിലേക്ക് പാര്‍ട്ടി എത്തിച്ചേരുമെന്ന ഭീതിയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളത്.

കോണ്‍ഗ്രസിന് ഇപ്പോള്‍ 34 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. അതില്‍ നിന്ന് ഏഴ് സീറ്റുകള്‍ ഈ വര്‍ഷം നഷ്ടപ്പെടുന്നതോടെ റെക്കോഡ് നിലയിലേക്ക് പാര്‍ട്ടിയുടെ അംഗസംഖ്യ കൂപ്പുകുത്തും. അസം, കേരളം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങളിലും ഈ വര്‍ഷം കുറവുണ്ടാകും. അടുത്ത വര്‍ഷം കാലാവധി കഴിയുന്ന അംഗങ്ങളുടെ കണക്കുകൂടിയാകുമ്പോള്‍ കുറച്ചുകൂടി അംഗബലം കുറയുന്ന സാഹചര്യമാണുണ്ടാവുക.

രാജ്യസഭയില്‍ ആകെ അംഗങ്ങളുടെ 25 ശതമാനം പേരെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കാനാകൂ എന്നാണ് ചട്ടം. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് നിലവില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്. രാജ്യസഭയിലെ 13 ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 31ന് നടക്കാനിരിക്കുകയാണ്. പഞ്ചാബില്‍ നിന്ന് അഞ്ചും കേരളം, ഹിമാചല്‍പ്രദേശ്, അസം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി എട്ടും സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. തൊട്ടുമുമ്പ് ഭരണം നഷ്ടമായ പഞ്ചാബില്‍ നിന്ന് രണ്ട് എംപിമാര്‍ കോണ്‍ഗ്രസിന് രാജ്യസഭയിലുണ്ടായിരുന്നു. വരാനിരിക്കുന്ന ഗുജറാത്ത്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനമുണ്ടായാല്‍ മാത്രമെ ഈ സ്ഥിതിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസിന് സാധിക്കൂ.

Eng­lish Summary:the Con­gress may also lose the Rajya Sab­ha oppo­si­tion leadership

You may like this video also

Exit mobile version