ആലുവയില്‍ ഭിന്നശേഷിക്കാരനേയും കുടുംബത്തേയും പുറത്താക്കി വീട് പൂട്ടി സഹകരണ ബാങ്ക്. കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കാണ് വീട് ജപ്തി ചെയ്തത്. ആലുവ കീഴ്മാട് സ്വദേശി വൈരമണിക്കും കുടുംബത്തിനുമാണ് ദുരനുഭവം നേരിട്ടത്. വൈരമണിയുടെ മകന്‍ ഭിന്നശേഷിക്കാരനാണ്. ഇന്ന് ഉച്ചയോടെയാണ് വൈരമണിയുടെ വീട്ടില്‍ ജപ്തി നടപടികള്‍ നടന്നത്. സംഭവം വിവാദമായതോടെ വീടിന്റെ താക്കോൽ കോൺഗ്രസ് പ്രവർത്തകരുടെ കയ്യിൽ കൊടുത്ത് വിട്ടത് പ്രതിഷേധത്തിനിടയാക്കി. ബാങ്ക് അധികൃതർ എത്തി തുറന്ന് നൽകിയാൽ മാത്രമേ അകത്ത് പ്രവേശിക്കൂവെന്നും അല്ലാത്തപക്ഷം നിയമപരമല്ലെന്ന വാദവുമായി ബാങ്ക് അധികൃതർ വീണ്ടും ഉയർത്തുമെന്നും വൈരമണി പറഞ്ഞു. പിന്നീട് ബാങ്ക് ജീവനക്കാർ പൊലീസിന്റെ അകമ്പടിയോടെ എത്തിയാണ് വീട് തുറന്ന് നൽകിയത്.
അര്‍ബന്‍ ബാങ്കില്‍ നിന്ന് 2017 ലാണ് പത്ത് ലക്ഷത്തോളം രൂപ വായ്പയെടുത്തത്. പത്ത് വര്‍ഷമായിരുന്നു കാലാവധി. മൂന്ന് വര്‍ഷം കൊണ്ട് ഒമ്പത് ലക്ഷത്തോളം രൂപ തിരിച്ചടച്ചു. കോവിഡ് വന്നതോടെ തിരിച്ചടവ് മുടങ്ങി. അതിനിടെ തന്റെ അക്കൗണ്ടില്‍ നിന്ന് അനുവാദമില്ലാതെ 34500 രൂപ ബാങ്ക് പിടിച്ചതായി വൈരമണി പറയുന്നു. അതിനെ താന്‍ ചോദ്യം ചെയ്തു. അതിന് ശേഷം പത്ത് ലക്ഷത്തിന്റെ പലിശ കൂടാതെ രണ്ട് ശതമാനം പലിശ അധികം ഈടാക്കുന്ന നടപടി ബാങ്ക് സ്വീകരിച്ചു. അതിനെയും താന്‍ എതിര്‍ത്തു. ഇതില്‍ ബാങ്കിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും വൈരമണി പറഞ്ഞു.
മുടങ്ങിയ തുക തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ലോണ്‍ തള്ളിക്കളയാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അക്കാര്യത്തില്‍ മുപ്പത് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. അതിനിടയിലാണ് ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ടുപോയതെന്നും വൈരമണി പറഞ്ഞു. വായ്പാ കുടിശികയുടെ പേരിൽ ഭിന്നശേഷിക്കാരനെ പുറത്താക്കി വീട് ജപ്തി ചെയ്ത നടപടിയിൽ സിപിഐ മണ്ഡലം സെക്രട്ടറി പി വി പ്രേമാനന്ദൻ, കീഴ്മാട് ലോക്കൽ സെക്രട്ടറി എം എം അഫ്സൽ എന്നിവർ പ്രതിഷേധിച്ചു. ഇവരുടെ വായ്പാ കുടിശിക എഴുതള്ളാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.