Site iconSite icon Janayugom Online

ഗോവയിലെ എന്‍സിപി- ശിവസേന സഖ്യത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറി

മഹാരാഷ്ട്രയിലെ പോലെ ബിജെപിയെ നേരിടാന്‍ എന്‍സിപി- ശിവസേന സഖ്യം കോണ്‍ഗ്രസുമായി ചേര്‍ന്ന് ഗോവ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്‍സിപി മുന്‍കൈ എടുത്ത് ചര്‍ച്ചക്ക് തയ്യാറാകുമ്പോള്‍ കോണ്‍ഗ്രസ് സഖ്യനിര്‍ദ്ദേശം തള്ളിയിരിക്കുന്നു.

കോൺഗ്രസ്, എൻ സി പി, ശിവേസന ‚തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ മഹാസഖ്യമുണ്ടാക്കി ഗോവയിൽ ബി ജെ പിക്കെതിരെ പോരാട്ടം നയിച്ചേക്കുമെന്നായിരുന്നു തുടക്കത്തിൽ കണക്കാക്കപ്പെടുന്നത്. എന്നാൽ മൂന്ന് പാർട്ടികളുമായും സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് ബി ജെ പിയെ തനിച്ച് നേരിടാനുള്ള തിരുമാനത്തിലാണ് ഗോവയിൽ കോൺഗ്രസ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തങ്ങളുടെ മൂന്നാമത്തെ സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

ആവർത്തിച്ച് ചർച്ചയ്ക്ക് ശ്രമിച്ചിട്ടും മറ്റ് പാർട്ടികളുമായി കൈകോർക്കാൻ ഗോവയിൽ കോൺഗ്രസ് തയ്യാറാകാതിരുന്നത്. 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബി ജെ പിയെ പുറത്താക്കാൻ അവസാന നിമിഷം ബദ്ധ ശത്രുവായ ശിവസേനയുമായും എൻ സി പിയുമായും കോൺഗ്രസ് സഖ്യത്തിലെത്തിയിരുന്നു.

സമാനമായ സഖ്യമായിരുന്നു ഗോവയിലും പ്രതീക്ഷിക്കപ്പെട്ടത്. ഗോവയിൽ സിന്ധുദുർഗ് ഉൾപ്പെടെയുള്ള മേഖലയിൽ എൻ സി പിക്കും ശിവസേനയ്ക്കും സ്വാധീനമുണ്ട്. സഖ്യത്തിനായി എൻ സി പി തലവൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസുമായി ചർച്ചകൾ ആരംഭിച്ചിരുന്നു.

ഗോവയിൽ ഇക്കുറി കന്നി പോരാട്ടത്തിനിറങ്ങുന്ന തൃണമൂലിനേയും ചേർത്ത് ബി ജെ പിക്കെതിരെ വിശാല സഖ്യമായിരുന്നു ശരദ് പവാറിന്റെ ലക്ഷ്യം. ദേശീയ നേതൃത്വവുമായിട്ടായിരുന്നു ശരദ് പവാറിന്റെ ചർച്ച. ഇതിനിടയിൽ തുടക്കത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്ന തൃണമൂൽ തങ്ങളുടെ നിലപാട് മയപ്പെടുത്തുകയും സഖ്യത്തിന് ഒരുക്കമാണെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.

എന്നാൽ സഖ്യം എന്ന പാർട്ടികളുടെ ആവശ്യം കോൺഗ്രസ് പാടെ തള്ളുകയായിരുന്നു. ഇതോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ശിവസേനയും തൃണമൂലും രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് തനിച്ച് ജയിക്കാനാകുമെന്ന അമിതാത്മവിശ്വാസമാണ് കോൺഗ്രസിനെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് കുറ്റപ്പെടുത്തി. തങ്ങൾ ചക്രവർത്തികളാണെന്ന നിലപാടിലാണ് ഇപ്പോഴും കോൺഗ്രസ്, അവർക്ക് സഖ്യമില്ലാതെ ഗോവയിൽ രണ്ടക്ക സീറ്റ് തൊടാൻ പോലും സാധിക്കില്ലെന്ന് തൃണമൂലും പ്രതികരിച്ചു.

അതേസമയം സഖ്യം വേണ്ടതെന്ന നിലപാട് ഹൈക്കമാന്റേതായിരുന്നുവെന്നാണ് ഇത്തരം വിമർശനങ്ങളോട് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോൾ പ്രതികരിച്ചത്. ബിജെപി പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേന‑എൻ സി പി സഖ്യത്തിന്റെ ഭാഗമായത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണ്. അതിനാൽ സഖ്യത്തിന്റെ ആവശ്യം ഇല്ലെന്നും പട്ടോൾ പറയുന്നുനിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് ഗോവ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം കാഴ്ച വെച്ച എൻ സി പിയുമായും ശിവസേനയുമായും സഖ്യത്തിലെത്താതെ തന്നെ ഇക്കുറി ഗോവയിൽ നേട്ടം കൊയ്യാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാല്‍ ഗോവയില്‍ കോണ്‍ഗ്രസിനും, ബിജെപിക്കും ബദലായി ആംആദ്മി പാര്‍ട്ടി രംഗത്തു വന്നതോടെ രാഷട്രീയ ചിത്രം തന്നെ മാറിയിരിക്കുന്നു.

ബിജെപി ഉയര്‍ത്തുന്ന ഹിന്ദുത്വ വര്‍ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നു ഗോവയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കടാതെ കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നതും ഇവിടുത്തെ ജനങ്ങള്‍ കണ്ടതാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 2.3 ശതമാനം വോട്ടായിരുന്നു എൻ സി പിക്ക് ലഭിച്ചത്. ശിവസേനയ്ക്ക് 1.2 ശതമാനം വോട്ടും. എൻ സി പിയുടെ ഏക സിറ്റിംഗ് എം എൽ എ പോലും തൃണമൂലിലേക്ക് ചേക്കേറുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സഖ്യം എന്ന ഇരു പാർട്ടികളുടേയും നിർദ്ദേശം കോൺഗ്രസ് അവഗണിക്കാൻ കാരണമെന്നും പറയപ്പെടുന്നു.

അതേസമയം ഇത്തവണ ഭരണം പിടിക്കാമെന്ന പ്രതീക്ഷയോടെ ഗോവയിൽ അങ്കത്തിനിറങ്ങിയ തൃണമൂൽ നിലവിൽ ഒറ്റപ്പെട്ട നിലയിലാണ്. നേരത്തേ ആം ആദ്മിയുമായി തൃണമൂൽ സഖ്യത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ആം ആദ്മി ഇത്തരം വാർത്തകൾ തള്ളിയിരുന്നു. ഡല്‍ഹിയും, പഞ്ചാബും പോലെ ആംആദ്മി നിര്‍ണ്ണായക ശക്തിയായി മാറിയിരിക്കുകയാണ് ഗോവയില്‍.

Eng­lish Sum­ma­ry: The Con­gress with­drew from the NCP-Shiv Sena alliance in Goa

You may also like this video:

Exit mobile version