Site icon Janayugom Online

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: കോടിയേരി

kodiyeri balakrishnan

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപണം ഉന്നയിച്ച ഉടന്‍ കലാപം ആരംഭിക്കുകയാണ് യുഡിഎഫും ബിജെപിയും ചെയ്തത്. ആസൂത്രിത ഗൂഢാലോചയുടെ ഭാഗമായാണ് ആരോപണങ്ങളെന്നതിന് ഏറ്റവും വലിയ തെളിവാണിത്. ഗൂഢാലോചന ആരാണ് നടത്തിയതെന്നത് കണ്ടെത്താന്‍ ഫലപ്രദമായ അന്വേഷണം സര്‍ക്കാര്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയമപരമായ നടപടികള്‍ക്കുവേണ്ടിയായിരുന്നില്ല കോടതിയില്‍ നല്‍കിയ മൊഴിയെന്നും പ്രചാരവേല മാത്രമാണ് ലക്ഷ്യമെന്ന് വ്യക്തമാകുന്നുവെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയെക്കൊണ്ട് രാജി വയ്പ്പിക്കാനുള്ള ഗൂഢപദ്ധതിയാണിത്. കലാപം നടത്തി അരാജകത്വം സൃഷ്ടിച്ച് ഗവണ്‍മെന്റിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നാണെങ്കില്‍ ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടും. ഇത്തരക്കാരെ ജനമധ്യത്തില്‍ തുറന്നുകാണിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഐ(എം) തീരുമാനിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയെയും ഓഫീസിനെയും മുഖ്യമന്ത്രിയുമായി ബന്ധമുള്ളവരെയും ഈ കേസുമായി ബന്ധപ്പെടുത്താന്‍ ആദ്യം മുതല്‍ തന്നെ ശ്രമം നടന്നിരുന്നു. തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പ്രശ്നമായി യുഡിഎഫും ബിജെപിയും ഈ വിഷയം ഉയര്‍ത്തിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സീറ്റ് ഉയരുകയാണുണ്ടായത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ലഭിച്ചത്. അതേസമയം, യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയുണ്ടാകുകയും ചെയ്തു. ഇപ്പോള്‍ വിഷയം കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമാണുള്ളത്. ഈ ഗവണ്‍മെന്റിനെ ഭരിക്കാന്‍ അനുവദിക്കാതെ രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. കലാപവും സംഘര്‍ഷവുമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്.
164 വകുപ്പ് പ്രകാരം കോടതിയില്‍ നല്‍കിയ വിവരങ്ങള്‍ ആ വ്യക്തി തന്നെ വെളിപ്പെടുത്തുകയാണ്. കോടതിയില്‍ രഹസ്യരേഖയായി നല്‍കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നതിലൂടെ നിയമ നടപടിയല്ല, രാഷ്ട്രീയ പ്രചരണമാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരുമായി ബന്ധമുള്ളവര്‍ക്കെതിരെയും പ്രചാരവേല നടത്തുകയാണ് ഈ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ ഇതേ വ്യക്തി 164 പ്രസ്താവന നല്‍കിയതിലുള്ള കാര്യങ്ങളും ഇപ്പോള്‍ നല്‍കിയതിലെ കാര്യങ്ങളും തമ്മില്‍ നിരവധി വൈരുധ്യങ്ങളുണ്ട്. മുഖ്യമന്ത്രിക്കോ എം ശിവശങ്കറിനോ സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാന്‍ ഇഡി നിര്‍ബന്ധിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ കുടുംബവുമായി വ്യക്തിപരമായ അടുപ്പമില്ലെന്നുമാണ് അന്ന് മൊഴി നല്‍കിയത്. ഇപ്പോള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി നല്‍കിയ മൊഴി എത്രമാത്രം വിശ്വസനീയമാണെന്ന് കോടതിയാണ് പരിശോധിക്കേണ്ടത്.
ഈത്തപ്പഴത്തിലും ഖുറാനിലും എത്രത്തോളം സ്വര്‍ണം കടത്താനാകുമെന്ന ചോദ്യം ഉയര്‍ന്നുവന്നപ്പോഴാണ് ഇപ്പോള്‍ ബിരിയാണി ചെമ്പില്‍ ലോഹം കടത്തിയെന്നാക്കിയതെന്ന് കോടിയേരി പരിഹസിച്ചു.
കേസ് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ സര്‍ക്കാരിനെതിരെ യാതൊന്നും കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചില്ല. സ്വര്‍ണം അയച്ചതാര്, അത് കൈപ്പറ്റിയത് ആര് എന്നൊക്കെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന മുഖ്യമായ ആവശ്യം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇവ രണ്ടും അന്വേഷണത്തില്‍ കണ്ടെത്തിയില്ല. അയച്ച വ്യക്തിയും സ്വീകരിച്ച വ്യക്തിയും ഈ കേസില്‍ പ്രതിയാണോ എന്നതിനെക്കുറിച്ചും ഡിപ്ലോമാറ്റിക് ബാഗേജിലല്ല സ്വര്‍ണം കടത്തിയതെന്ന തരത്തില്‍ വിദേശകാര്യ മന്ത്രാലയം അന്ന് സ്വീകരിച്ച നിലപാടിനെക്കുറിച്ചും ഇപ്പോള്‍ യാതൊരു ചര്‍ച്ചയുമില്ല. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന നില വന്നപ്പോഴാണ് അന്വേഷണത്തിന്റെ ഗതി മാറിയത്. ഉദ്യോഗസ്ഥരെ തന്നെ മാറ്റുന്ന സ്ഥിതിയുണ്ടായെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: The con­spir­a­cy behind the new alle­ga­tions of the accused in the gold smug­gling case should be inves­ti­gat­ed: Kodiyeri

You may like this video also

Exit mobile version