Site iconSite icon Janayugom Online

കണ്ണൂര്‍ ജില്ല ആശുപത്രി സൂപ്പർ ബ്ലോക്കിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്

hospitalhospital

ജില്ല ആശുപത്രി സൂപ്പർ ബ്ലോക്കിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. മൂന്ന് മാസങ്ങൾക്കുള്ളിൽ സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തന സജ്ജമാകുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് എം പ്രീത പറഞ്ഞു. നിരവധി അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. യൂറോളജി, നെഫ്റോളജി, കാർഡിയോളജി എന്നീ വിഭാഗങ്ങളുടെ സേവനങ്ങൾ ഇതിലൂടെ രോഗികൾക്ക് ലഭ്യമാകും. അഞ്ച് നിലകളിലായാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. ഒന്നാം നിലയിൽ ക്രിട്ടിക്കൽ യൂണിറ്റ്, ഒ പി സൗകര്യം, ഫാർമസി ഡോക്ടർമാർക്കുള്ള റസ്റ്റ് റും, എന്നിവയും, രണ്ടാം നിലയിൽ ഓപ്പറേഷൻ തീയേറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ന്യൂറോളജി- യൂറോളജി വിഭാഗം, ഐ സി യുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നത്. തുടർന്നുള്ള നിലകളിൽ ഡയാലിസിസ് യൂണിറ്റ്, സ്പെഷ്യാലിറ്റി വാർഡ്, സ്ത്രീകൾക്കുള്ള സ്പെഷ്യൽ വാർഡ്, ജനറൽ വാർഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

മികച്ച സൗകര്യങ്ങളോടു കൂടിയ ഓപ്പറേഷന്‍ തിയേറ്ററുകള്‍, ബ്ലഡ് ബാങ്ക്, അള്‍ട്രാ സൗണ്ട്, എം ആര്‍ ഐ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണത്തിന് 61.72 കോടിരൂപയാണ് കിഫ്ബി ഫണ്ട് അനുവദിച്ചിരുന്നത്. ബി എസ് എൻ എലിന്റെ മേൽനോട്ടത്തിൽ പി ആൻഡ് സി പ്രൊജക്ട്സാണ് നിർമ്മാണ പ്രവർത്തി കരാറെടുത്തത്. 2019 ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ നിർമ്മാണം വൈകുകയായിരുന്നു. ടൈൽ പതിപ്പിക്കൽ, മലിനജലം ഒഴുക്കാനുള്ള സംമ്പ് നിർമ്മാണം എന്നിവയാണ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത്. ജില്ലയിലെ ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ഇതിലൂടെ തുടക്കമാകുന്നത്.

You may also like this video

Exit mobile version