Site iconSite icon Janayugom Online

പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തിന് 282 കോടി അധികം വേണ്ടിവന്നേക്കും

കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് 282 കോടി രൂപ കൂടി അധിക ചെലവ് വന്നേക്കും. 977 കോടി രൂപയാണ് നേരത്തെ പാര്‍ലമെന്റ് മന്ദിരത്തിന് ബജറ്റ് കണക്കാക്കിയിരുന്നത്.

ഇതില്‍ 29 ശതമാനം കൂടി വര്‍ധനവ് വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ആകെ ചെലവ് 1250 കോടി കടക്കും. 2020 ഡിസംബറിലായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം. നിര്‍മാണ ചുമതലയുള്ള ടാറ്റ പ്രോജക്റ്റ്‌സ് നിലവില്‍ മന്ദിരത്തിന്റെ 40 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

13 ഏക്കറിലായി സ്ഥിതിചെയ്യുന്ന നാലുനില മന്ദിരത്തിന്റെ നിര്‍മാണം ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സമയപരിധി പിന്നീട് ഒക്ടോബറിലേക്ക് നീട്ടി. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ ലോക്‌സഭാ ചേംമ്പറില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാനാകും. സംയുക്ത സമ്മേളനം ചേരുമ്പോള്‍ 1224 അംഗങ്ങളേയും ഉള്‍ക്കൊള്ളാന്‍ സാധിക്കും. രാജ്യസഭാ ചേംമ്പറില്‍ 384 അംഗങ്ങള്‍ക്ക് വരെ ഇരിക്കാം. ഭാവിയില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാവുന്ന തരത്തിലാണ് ചോംമ്പറിന്റെ നിര്‍മാണം. ഓരോ എംപിക്കും പ്രത്യേകം ഓഫീസുകള്‍, കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, എം.പി.ലോഞ്ച്, ലൈബ്രറി, കമ്മിറ്റി റൂമുകള്‍, ഡൈനിങ് ഏരിയ തുടങ്ങിയവയെല്ലാം പുതിയ മന്ദിരത്തില്‍ ഉണ്ടായിരിക്കും.

നിലവിലെ പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടുന്ന ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. 20000 കോടിയോളമാണ് ഇതിന് ചെലവ് കണക്കാക്കുന്നത്.

Eng­lish Sum­ma­ry: The con­struc­tion of the new par­lia­ment build­ing may require an addi­tion­al Rs 282 crore

You may also like this video:

Exit mobile version