ജില്ലയിലെ ഹെറിറ്റേജ് സർക്യൂട്ട് ടൂറിസത്തിന് പുത്തനുണർവ് നൽകുന്നതിനും സാധ്യതകൾ പരിശോധിക്കുന്നതിനുമായി പ്രധാനപ്പെട്ട ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ കളക്ടർ ഹരിത വി കുമാർ വ്യഴാഴ്ച സന്ദർശിച്ചു. സന്ദർശനത്തിനുശേഷം ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ ജില്ലയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള കപ്പൽ ജനങ്ങൾക്ക് കയറി കാണുന്ന തരത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കളക്ടർ പറഞ്ഞു.
കപ്പലിൽ അലങ്കാര വിളക്കുകൾ സ്ഥാപിച്ച് ഒരേസമയം 15 പേർക്ക് വരെ കയറാനുള്ള സംവിധാനം ഒരുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുവാനും യോഗത്തിൽ ധാരണയായി. 20 കോടി രൂപ ചെലവിൽ 18 മാസം കൊണ്ട് പഴയ കടൽ പാലത്തിന് ബദലായി 300 മീറ്റർ കടലിലേക്കും 50 മീറ്റർ കരയിലേക്കും അഞ്ചര മീറ്റർ വീതിയുമുള്ള പുതിയ കടൽ പാലം നിർമ്മിക്കുന്ന പദ്ധതി, പുതിയ കെ എസ് ആർ ടി സി ടെർമിനലിന്റെ നിർമ്മാണം എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. ഇൻകെൽ ജനറൽ മാനേജർ വിജയകുമർ, കെഐഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു, ഡിടിപിസി സെക്രട്ടറി അനൂപ് കുമാർ, മുസരിസ് കോ- ഓർഡിനെറ്റർ എസ് സുബിൻ, ഡിടിപിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ സി പ്രദീപ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.