Site icon Janayugom Online

കടുവയിലെ വിവാദ സീന്‍ നീക്കം ചെയ്തു: രംഗത്തിൽ തിരുത്തൽ വരുത്തി സെൻസർ ബോർഡിന് കൈമാറി, അതിജീവിതയ്ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് പൃഥ്വിരാജ്

കടുവ സിനിമയിലെ വിവാദമായ ഭാഗം നീക്കം ചെയ്തുവെന്ന് നടൻ പൃഥ്വിരാജ്. സിനിമയിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും മാതാപിതാക്കളെയും വേദനിപ്പിക്കുന്ന ഒരു സംഭാഷണത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. സിനിമയിലെ രംഗത്തിൽ തിരുത്തൽ വരുത്തി സെൻസർ ബോർഡിന് കൈമാറിയെന്നും ബോർഡിന്റെ അനുമതിയോടെ പുതിയ പ്രിന്റ് എത്രയും പെട്ടെന്ന് തിയേറ്ററുകളിലെത്തിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമയിലെ ഡയലോഗ് കാരണം വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു നടൻ അല്ലെങ്കിൽ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് പ്രതിഫലം നൽകുമ്പോൾ പരിഗണിക്കുന്നത്. മഞ്ജു വാര്യരും ഒരു പുതുമുഖ നടനും ഒരുമിച്ചുള്ള സിനിമയില്‍ മഞ്ജുവിനായിരിക്കും കൂടുതൽ പ്രതിഫലം നൽകുക. രാവൺ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് ഐശ്വര്യ റായിയെക്കാള്‍ കുറവ് പ്രതിഫലമാണ് ലഭിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു.
താരങ്ങളുടെ ശമ്പളം നിശ്ചയിക്കുന്നത് അവര്‍ തന്നെയാണ്. അവരെ വച്ച് സിനിമയെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിർമ്മാതാക്കളാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സിനിമാപ്രേമികൾ കാത്തിരിക്കുന്ന എമ്പുരാന്റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
‘കടുവ’ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷമെന്ന് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞു. തുടർച്ചയായി പരാജയം കാരണമാണ് സിനിമയിൽനിന്ന് ഇടവേളയെടുത്തത്. മികച്ച തിരക്കഥയ്ക്കായി കാത്തിരിരുന്നു. തൊണ്ണൂറുകളിലെ സ്റ്റെലിൽ മാസ് സിനിമ ചെയ്യാൻ പൃഥ്വിരാജാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, തിരക്കഥാകൃത്ത് ജിനു എബ്രഹാം മറ്റ് അണിയറപ്രവർത്തകർ തുടങ്ങിയവരും മുഖാമുഖത്തില്‍ പങ്കെടുത്തു.

അതിജീവിതയ്ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് പൃഥ്വിരാജ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താൻ അതിജീവിതയ്ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച് പൃഥ്വിരാജ്. അതിജീവിത തന്റെ അടുത്ത സുഹൃത്താണ്. ഇന്നും അവർക്കൊപ്പമാണ്. നടിയിൽനിന്ന് നേരിട്ട് കാര്യങ്ങൾ അറി‍ഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. നിർമ്മാതാവ് വിജയ് ബാബു ഉൾപ്പെട്ട സംഭവത്തെക്കുറിച്ച് നേരിട്ടറിയില്ല. മാധ്യമങ്ങളിലൂടെ ഉള്ള അറിവേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: The con­tro­ver­sial scene in the tiger was removed, Prithviraj

You may like this video also

Exit mobile version