പാചകവാതക സിലിണ്ടർ ഇനി ഉപയോക്താക്കളുടെ മുന്നിൽ വച്ചുതന്നെ തൂക്കി നല്കണം. ഗ്യാസ് വിതരണം ചെയ്യുന്ന എല്ലാ വാഹനങ്ങളിലും സിലിണ്ടർ തൂക്കിനോക്കാനാവശ്യമായ ത്രാസുകൾ നിർബന്ധമാക്കാനാണ് നിർദേശം. പലപ്പോഴും ഗ്യാസ് കുറഞ്ഞ സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നതെന്നും ഇത് തീപിടിച്ച വിലനൽകി വാങ്ങുന്ന ഉപയോക്താക്കൾക്ക് ഏറെ നഷ്ടമുണ്ടാക്കുന്നതായും വിവിധ കോണുകളിൽനിന്നും പരാതി ഉയർന്നിരുന്നു. ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ വിതരണം ചെയ്യുന്നവർ സിലിണ്ടർ തൂക്കി അളവ് രേഖപ്പെടുത്തി നൽകണം.
ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുന്ന വാഹനങ്ങളിൽ ഏജൻസിയുടെ പേരും മൊബൈൽ നമ്പറും പതിപ്പിക്കണമെന്നും നിർദേശമുണ്ട്. ലഭിക്കുന്ന സിലിണ്ടറിൽ പാചകവാതകത്തിന്റെ അളവ് കുറയുന്നു എന്ന പരാതിയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന അദാലത്തിൽ കൂടുതലും ഉയർന്നത്. പാചക വാതക സബ്സിഡി പുനഃസ്ഥാപിക്കണം, സിലിണ്ടർ വിതരണത്തിന് അധികചാർജ് ഈടാക്കുന്നു എന്നീ വ്യാപക പരാതികളും ഉയർന്നു. സിലിണ്ടർ ബുക്ക് ചെയ്തു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ വിതരണം പൂർത്തിയാക്കണം. ആളുകൾക്ക് നേരിട്ട് ഏജൻസികളിൽനിന്ന് സിലിണ്ടർ വാങ്ങാൻ ഓയിൽ കമ്പനികളുടെ അനുമതി വേണം. ഓരോ ഗ്യാസ് എജൻസിക്കും വിതരണ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് പാലിക്കാത്ത ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഓയിൽ കമ്പനി പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.
ENGLISH SUMMARY:The cooking gas cylinder must now be hung in front of the consumer
You may also like this video