Site iconSite icon Janayugom Online

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 7.5 ശതമാനം വളര്‍ച്ച

FYFY

2022ല്‍ ദക്ഷിണേഷ്യന്‍ സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ പ്രവചനം. ഉപമേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച നേടുകയും അടുത്ത വര്‍ഷം എട്ട് ശതമാനത്തിലേക്ക് ഉയരുകയും ചെയ്യും.
എഡിബിയുടെ ഏഷ്യന്‍ ഡെവലപ്മെന്റ് ഔട്ട്‌ലുക്ക് (എഡിഒ) 2022ലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദക്ഷിണേഷ്യയിലെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച 2022ല്‍ ഏഴ് ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും 2023 ല്‍ 7.4 ശതമാനമായി ഉയരുമെന്നും എഡിബി പറയുന്നു.
ഉപമേഖലയുടെ വളര്‍ച്ചയുടെ പ്രധാന വഴികളെ നയിക്കുന്നത് ഇന്ത്യയും പാകിസ്ഥാനുമാണ്. പണമിടപാട്, സാമ്പത്തിക ഏകീകരണം എന്നിവയില്‍ നിന്നുള്ള ആഭ്യന്തര ഡിമാന്‍ഡ് ദുര്‍ബലമായതിനാല്‍ പാകിസ്ഥാന്റെ വളര്‍ച്ച 2022‑ല്‍ നാല് ശതമാനമായി കുറയും. 2023‑ല്‍ 4.5 ശതമാനമായിരിക്കും വളര്‍ച്ച. വികസ്വര ഏഷ്യയിലെ സമ്പദ്‌വ്യവസ്ഥകള്‍ ഈ വര്‍ഷം 5.2 ശതമാനവും 2023 ല്‍ 5.3 ശതമാനവും വളര്‍ച്ച കൈവരിക്കും. ആഭ്യന്തര ഡിമാന്‍ഡിലെ ശക്തമായ വീണ്ടെടുപ്പും കയറ്റുമതിയിലെ തുടര്‍ച്ചയായ വിപുലീകരണവും ഇതിന് കാരണമാകും.

ഏഷ്യന്‍ വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ കോവിഡില്‍നിന്ന് വീണ്ടെടുക്കലിന്റെ ചുവടുകളിലാണെന്ന് എഡിബി ചീഫ് ഇക്കണോമിസ്റ്റ് ആല്‍ബര്‍ട്ട് പാര്‍ക്ക് പറഞ്ഞു. പുതിയ വ്യാപനവും വൈറസ് വകഭേദങ്ങളും ഈ വേഗതയുടെ താളം തെറ്റിച്ചേക്കാം. ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടി, ചില രാജ്യങ്ങളില്‍ തുടരുന്ന കോവിഡ് വ്യാപനം, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നയങ്ങള്‍ എന്നിവയിലെ അനിശ്ചിതത്വം നിലവില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായും എഡിബി വിലയിരുത്തുന്നു. വികസ്വര ഏഷ്യയില്‍ എഡിബിയിലെ 46 അംഗ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. ദക്ഷിണേഷ്യയില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടുന്നു.

Eng­lish Sum­ma­ry: The coun­try grew by 7.5 per cent in the cur­rent finan­cial year

You may like this video also

Exit mobile version