Site iconSite icon Janayugom Online

കാലാവസ്ഥാ ദുരന്തങ്ങളില്‍ വലഞ്ഞ് രാജ്യം

കാലാവസ്ഥാ വ്യതിയാനം രാജ്യത്ത് സൃഷ്ടിക്കുന്നത് ഗുരുതര പ്രതിസന്ധികള്‍. ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളിലെ 99 % ദിവസങ്ങളിലും ഇന്ത്യയുടെ ഏതെങ്കിലും ഒരു ഭാഗത്ത് അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റും (സിഎസ്ഇ) ഡൗൺ ടു എർത്ത് മാസികയും ചേർന്ന് പുറത്തിറക്കിയ ‘ക്ലൈമറ്റ് ഇന്ത്യ 2025’ എന്ന പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള 273 ദിവസങ്ങളിൽ 270 ദിവസങ്ങളിലും രാജ്യത്ത് എവിടെയെങ്കിലും തീവ്രമായ കാലാവസ്ഥാ മാറ്റം രേഖപ്പെടുത്തി. ഈ ദുരന്തങ്ങളിൽ 4,064 പേർക്ക് ജീവൻ നഷ്ടമായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കാലാവസ്ഥാ ദുരന്തങ്ങൾ കാർഷിക, സാമ്പത്തിക മേഖലകൾക്ക് വലിയ തിരിച്ചടിയായി മാറി. 94.7 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. 99,533 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. 58,982 വളർത്തുമൃഗങ്ങൾ ചത്തു. കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതിനാൽ യഥാർത്ഥ നഷ്ടം ഇതിലും എത്രയോ അധികമായിരിക്കാനാണ് സാധ്യതയെന്ന് സിഎസ്ഇ ചൂണ്ടിക്കാട്ടുന്നു.

അതിതീവ്ര കാലാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചത് ഹിമാചൽ പ്രദേശിനെയാണ്. വർഷത്തിലെ 80% ദിവസങ്ങളിലും ഇവിടെ മോശം കാലാവസ്ഥയായിരുന്നു. എന്നാൽ മരണനിരക്കിൽ മധ്യപ്രദേശാണ് മുന്നിൽ. 532 മരണം. ആന്ധ്രാപ്രദേശില്‍ 484, ഝാർഖണ്ഡില്‍ 478 മരണവും റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശികമായി വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ ദിവസങ്ങളിൽ (257 ദിവസം) ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തത്. കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 229 ദിവസവും തീവ്ര കാലാവസ്ഥ അനുഭവപ്പെട്ടു. ഈ വർഷത്തെ ഫെബ്രുവരി, ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ എന്നീ മാസങ്ങളിൽ രാജ്യത്ത് എല്ലാ ദിവസവും തീവ്ര കാലാവസ്ഥാ സംഭവങ്ങൾ രേഖപ്പെടുത്തി. ഉഷ്ണതരംഗം, ശൈത്യതരംഗം, ഇടിമിന്നൽ, ചുഴലിക്കാറ്റ്, അതിശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
1901‑ന് ശേഷമുള്ള ജനുവരികളില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു ഇത്.

124 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാസമായി ഫെബ്രുവരി മാറുകയും ചെയ്തു. നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിച്ചിരുന്ന മാറ്റങ്ങൾ ഇപ്പോൾ കുറച്ചു വർഷങ്ങൾക്കിടയിൽ ആവർത്തിക്കുകയാണെന്ന് പഠനം വിലയിരുത്തുന്നു.ദുരന്തങ്ങൾ സംഭവിച്ചതിന് ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾക്കപ്പുറം, അപകടസാധ്യത കുറയ്ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉതകുന്ന നയങ്ങൾ സർക്കാർ രൂപീകരിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. വെള്ളപ്പൊക്ക നിയന്ത്രണത്തിന് നിലവിലെ രീതികൾ പോരാ. ഡ്രെയിനേജ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, പ്രകൃതിദത്ത ജലസംഭരണികളായി പ്രവർത്തിക്കുന്ന വനങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.

Exit mobile version