കാര്‍ബണ്‍ ഉദ്വമനം 2030 ഓടെ പൂജ്യത്തിലേക്ക് എത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാനം വൃഥാവിലായി. കല്‍ക്കരി പ്രധാന ഇന്ധനമായി ഉപയോഗിക്കുക വഴി 2050ല്‍ കാര്‍ബണ്‍ ഉദ്വമനം 60 ശതമാനത്തിലേക്ക് കുതിച്ചുകയറുമെന്നും ഭാരത് പെട്രോളിയം ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്പെന്‍സര്‍ ഡെയ്ല്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ വര്‍ധിച്ച ഊര്‍ജ ആവശ്യകത കല്‍ക്കരിയിലൂടെയാണ് നിറവേറ്റപ്പെടുന്നത്. അതുകൊണ്ടുതന്നെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള പദ്ധതികള്‍ ഫലപ്രാപ്തിയില്ലെത്തില്ല. രാജ്യത്ത് പല ഭാഗത്തും വൈദ്യുതി എത്താത്തതും അധിക കല്‍ക്കരി ഉപഭോഗത്തിലേക്ക് നയിക്കുകയാണ്.
കല്‍ക്കരി ഏറ്റവും വലിയ ഊര്‍ജ സ്രോതസായി തുടരുന്ന സ്ഥിതിവിശേഷം 2050 വരെ നിലനില്‍ക്കും. ആഗോള ഊർജ ആവശ്യകതയുടെ 12% 2050 ആകുമ്പോഴേക്കും ഇന്ത്യ കൈവരിക്കും. എണ്ണ ആവശ്യകത 2023ലെ പ്രതിദിനം അഞ്ച് ദശലക്ഷം ബാരലിൽ നിന്ന് 2050ൽ ഒമ്പത് ദശലക്ഷം ബാരലായി വര്‍ധിക്കും. ഇത് ആഗോള എണ്ണ ഉപഭോഗത്തിന്റെ 10% വരെയാകും. അതേസമയം കൽക്കരി ഇന്ത്യയുടെ ഏറ്റവും വലിയ ഊർജ സ്രോതസായി തുടരും.
കാര്‍ബണ്‍ ഉദ്വമനം രണ്ട് ഡിഗ്രിയില്‍ താഴെ കൊണ്ടുവരുന്നതിനായി പുനരുപയോഗ ഊര്‍ജോല്പാദനം വര്‍ധിപ്പിക്കുകയാണ് വേണ്ടത്.
ഇത്തരം പദ്ധതി ലക്ഷ്യം കൈവരിക്കുന്ന പക്ഷം കാര്‍ബണ്‍ ഉദ്വമനം 70 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കും. രണ്ട് ഡിഗ്രിയിൽ താഴെ എന്നത് കാലാവസ്ഥാ നയങ്ങളിൽ ഗണ്യമായ മാറ്റം വരുത്തുന്നതിനൊപ്പം സാമൂഹികാവസ്ഥയിലും മുൻഗണനകളിലും വരുന്ന മാറ്റങ്ങളെയും സൂചിപ്പിക്കുന്നു. ഇത് ഊർജ കാര്യക്ഷമതയിൽ വേഗത്തിലുള്ള നേട്ടങ്ങൾക്കൊപ്പം കുറഞ്ഞ കാർബൺ ഊർജം കൂടുതൽ വേഗത്തിൽ സ്വീകരിക്കുന്നതിനെ പിന്തുണയ്ക്കും.
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയിൽ 2050 ആകുമ്പോഴേക്കും കാർബൺ ബഹിര്‍ഗമനം
ഇന്ത്യയെക്കാൾ 55% കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെയ്ൽ പറഞ്ഞു. ചൈന പുനരുപയോഗ ഊർജത്തിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു. മറ്റു രാജ്യങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ മാതൃക ചൈനയാണെന്നും അദ്ദേഹം പറഞ്ഞു. 2035 ആകുമ്പോഴേക്കും കാർബൺ ബഹിര്‍ഗമനം ഏഴര ശതമാനത്തിനും 10 ശതമാനത്തിനും ഇടയിൽ കുറയ്ക്കുമെന്നാണ് ചൈനയുടെ പ്രഖ്യാപനം. അത് അവർ നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

