രാജ്യത്തെ അമൂല്യ ധാതുക്കള്‍ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ തുടക്കമാകും. ധാതു ഖനനത്തിന് അനുമതി നല്‍കാന്‍ ലേല നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഖനന വകുപ്പ് സെക്രട്ടറി വി എല്‍ കാന്തറാവു വ്യക്തമാക്കി. പ്രഗതി മൈതാനില്‍ ഇന്നലെ ആരംഭിച്ച അന്താരാഷ്ട്ര വ്യാപാര മേളയ്ക്കിടെയാണ് വി എല്‍ കാന്ത റാവു ഇക്കാര്യം അറിയിച്ചത്.
വൈദ്യുത വാഹനങ്ങളിലെ ബാറ്ററികളിലെ മുഖ്യ ഘടകമായ ലിഥിയത്തിന് പുറമെ ഗ്രാഫൈറ്റ്, അപൂര്‍വ ഭൗമ ധാതുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ ഖനനത്തിന് ഉടന്‍ ദര്‍ഘാസുകള്‍ ക്ഷണിക്കും. ഖനനം ചെയ്ത് എടുക്കുന്ന ലിഥിയത്തിനും നിയോബിയത്തിനും മൂന്ന് ശതമാനവും മറ്റ് അപൂര്‍വ ധാതുക്കള്‍ക്ക് ഒരു ശതമാനവും റോയല്‍റ്റി ചുമത്താന്‍ കഴിഞ്ഞമാസം കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക വികസനത്തിനും ഗുണകരമാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ പക്ഷം.
2070 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ തോതില്‍ ഇല്ലാതാക്കുക എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ തന്ത്ര പ്രധാനവും അത്യപൂര്‍വവുമായ ധാതുക്കളെ സ്വകാര്യ മേഖലയില്‍ എത്തിക്കാന്‍ നീക്കം നടത്തുന്നത്. ധാതുക്കളുടെ 20 ബ്ലോക്കുകള്‍ ലേലത്തിലൂടെ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഏതൊക്കെ ധാതുകളെന്നോ ഏതെല്ലാം സംസ്ഥാനങ്ങളിലെ ബ്ലോക്കുകളെന്നോ തുടങ്ങിയ വിവരങ്ങളും പുറത്തുവന്നിട്ടില്ല.
English Summary: The country’s precious minerals to private monopolies
You may also like this video