Site iconSite icon Janayugom Online

കൊല്ലം കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനകേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കൊല്ലം കളക്ടറേറ്റ് വളപ്പില്‍ ബേസ് മുവ്മെന്റ് എന്ന സംഘടന നടത്തിയ ബോംബ് സ്ഫോടനക്കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മധുര നെല്ലൂർ ഇസ്മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (33, ലൈബ്രറി അലി), വിശ്വനാഥ് നഗർ സ്വദേശി ഷംസുൻ കരിംരാജ (28, കരീം), മധുര നെൽപ്പട്ട കരിംഷാ മസ്ജിദിനു സമീപം ഒന്നാം തെരുവിൽ ദാവൂദ് സുലൈമാൻ (28, ദാവൂദ്) എന്നിവരാണ് കുറ്റക്കാർ.നാലാം പ്രതി കുല്‍കുമാര തെരുവില്‍ ഷംസുദ്ദീനെ വെറുതെ വിട്ടു.

അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കി. നാല്‍പത്തിനാലാം സാക്ഷിയായി ഇയാളെ വിസ്തരിച്ചു .2016 ജൂൺ 15നാണ് കലക്ടറേറ്റ് വളപ്പിലെ ജീപ്പിൽ ബോംബ്‌ സ്‌ഫോടനം നടന്നത്‌. ഐഇഡി (ഇംപ്രവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ്‌ ഡിവൈസ്‌) ബോംബ്‌ ടിഫിൻ ബോക്‌സിൽ കവർചെയ്‌ത്‌ കലക്ടറേറ്റ്‌ വളപ്പിൽ കിടന്ന ജീപ്പിൽ വയ്‌ക്കുകയായിരുന്നു. മുനിസിഫ്‌ കോടതിക്കു സമീപം പകൽ 10.45ന്‌ ആയിരുന്നു ബോംബ്‌ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിയത്‌.

പ്രതികൾക്കെതിരെ യുഎപിഎ, ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം, സ്ഫോടകവസ്തു നിയമം എന്നീ വകുപ്പുകൾ ചേർത്താണ്‌ കേസെടുത്തത്‌. മലപ്പുറം കലക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂർ എന്നിവിടങ്ങളിലും സംഘം സ്ഫോടനം നടത്തിയിരുന്നു. സംഭവത്തിന്‌ ഒരാഴ്ചമുമ്പ് കരിംരാജ കൊല്ലത്തെത്തിയിരുന്നു. പിടിയിലായ ശേഷം ആന്ധ്രയിലെ കടപ്പ ജയിലിലായിരുന്ന പ്രതികളെ പിന്നീട്‌ പൂജപ്പുര സെൻട്രൽ ജയിലിലേക്ക്‌ മാറ്റുകയായിരുന്നു. 

Exit mobile version