സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടി കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജിയിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസില്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സ്‌റ്റേ ലഭിച്ചത്.
2017 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. സെപ്തംബര്‍ 15‑നാണ് യുവതി പരാതി നല്‍കിയത്.
യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടന്‍ പരാതിയില്‍ പറയുന്നു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിമുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍, രണ്ട് ഹര്‍ജികളും ബന്ധപ്പെട്ട കോടതികള്‍ തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അഡ്വ. സൈബി ജോസ് കോടതിയില്‍ ഹാജരാവുകയും 2021‑ല്‍ പരാതിക്കാരിയുമായി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ട് സ്റ്റേ വാങ്ങുകയുമായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും അത് വ്യാജമാണെന്നും കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന നടന്റെ ഹര്‍ജി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇപ്പോള്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് അറിയിച്ചതോടെ കേസിന്റെ തുടര്‍ നടപടികള്‍ കോടതി വീണ്ടും സ്റ്റേചെയ്യുകയായിരുന്നു.
English Summary: The court has stayed the further action against Unni Mukundan
You may also like this video