Site iconSite icon Janayugom Online

ദിലീപ് നാല് ഫോണുകളിലെ ചാറ്റുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് നാല് ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ട അതേദിവസും പിറ്റേ ദിവസവുമായി ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചതായി വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചു. വധ ഗൂഢാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിലാണ് പ്രോസിക്യൂഷൻ ഫോറൻസിക് വിവരങ്ങൾ സമർപ്പിച്ചിരിക്കുന്നത്.

ജനുവരി 31ന് കൈവശമുള്ള ആറു ഫോണുകളിൽ അഞ്ചെണ്ണം കോടതിയിൽ ഹാജരാക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ജനുവരി 29,30 തീയതികളിൽ ആയാണ് ഫോണുകളിലെ വിവരങ്ങൾ നീക്കം ചെയ്തിരിക്കുന്നതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. പതിമൂന്ന് നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകൾ അടക്കം നശിപ്പിച്ചതായി ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.

വിൽസൺ ചൊവ്വല്ലൂർ എന്ന വ്യക്തിയുടെയും അഭിഭാഷകരുടെയും സഹായത്തോടെയാണ് ഫോണുകൾ മുംബൈയിൽ എത്തിച്ച് തെളിവുകൾ നശിപ്പിച്ചതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞു. ജനുവരി 30ന് മുംബൈയിൽ എ­ത്തിയ ദിലീപിന്റെ അഭിഭാഷകർ ഫോണുകളിൽ നിന്ന് മാറ്റിയ വിവരങ്ങൾ ഹാർഡ് ഡിസ്കിലാക്കി പരിശോധിച്ചു. ഈ ഹാർഡ് ഡിസ്ക് മുംബൈയിലെ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായും പ്രോസിക്യൂഷൻ അറിയിച്ചു. ഹാർഡ് ഡിസ്ക് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

Eng­lish Sum­ma­ry; The crime branch said that Dileep destroyed the chats on four phones
You may like this video also

Exit mobile version