നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവനെ വീട്ടിൽ വച്ച് ചോദ്യം ചെയ്യാനാവില്ലന്ന് ക്രൈംബ്രാഞ്ച്. മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ മറുപടി നൽകി. നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്നും കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
സാക്ഷിയായതിനാൽ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്നും കാവ്യ ക്രൈംബ്രാഞ്ചിന് മറുപടി നൽകി. ദിലീപിന്റെ ഡ്രൈവറുടെ ഫോണിൽ വിളിച്ചാണ് മറ്റൊരിടത്ത് ചോദ്യം ചെയ്യലിന് എത്തണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ ദിലീപിന് പുറമേ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 ന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിർദേശം.
എന്നാൽ അസൗകര്യമുണ്ടെന്നും ബുധനാഴ്ച വീട്ടിൽ വന്നാൽ മൊഴിയെടുക്കാമെന്നുമായിരുന്നു കാവ്യ ഇന്നലെ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. മൊഴി നൽകാൻ താൻ ഒരുക്കമാണെന്നും ബുധനാഴ്ച വീട്ടിൽവച്ച് വേണമെന്നുമാണ് കാവ്യയുടെ ആവശ്യം.
സാക്ഷി എന്ന നിലയിലാണ് നിലവിൽ കാവ്യ മാധവനെ അന്വേഷണ സംഘം വിളിപ്പിക്കുന്നത്. പുറത്തുവന്ന ശബ്ദരേഖകൾ അനുസരിച്ചും മുഖ്യപ്രതി പൾസർ സുനിലിന്റെ മൊഴികളനുസരിച്ചും കാവ്യ മാധവനിലേക്ക് വിരൽ ചൂണ്ടുന്ന ചില സൂചനകളുണ്ട്. ഇതിൽ വ്യക്തത വരുത്താൻ കൂടിയാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം.
English summary;The crime branch said that Kavya could not be questioned at home
You may also like this video;