65 വർഷത്തെ ചരിത്രമുള്ള സുബ്രതോ ഇന്റർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്(അണ്ടർ-17) കപ്പിൽ ഇതാദ്യമായി കേരളത്തിന്റെ മുത്തം. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ പൊരുതികളിച്ച ശക്തരായ ഉത്തരാഖണ്ഡ് അമിനിറ്റി സിബിഎസ്ഇ പബ്ലിക് സ്കൂളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരളത്തെ പ്രതിനിധീകരിച്ച കോഴിക്കോട് ഫറോഖിലെ ഫാറൂഖ് ഹയർസെക്കന്‍ഡറി സ്കൂൾ വീഴ്ത്തിയത്.
ഇരുപകുതികളിലുമായാണ് വിജയം നിശ്ചയിച്ച ഗോളുകൾ നേടിയത്. പി പി മുഹമ്മദ് സലീം നയിച്ച ടീം ഒരു മത്സരവും തോൽക്കാതെയാണ് കിരീടം നേടിയത്. ഇതിനു മുമ്പ് 2012ലും 14ലും കേരളത്തിൽ നിന്നുള്ള മലപ്പുറം എംഎസ്‌പി സ്കൂൾ ടീം ഫൈനലിൽ എത്തിയെങ്കിലും കപ്പടിക്കാനായിരുന്നില്ല.
ഇത്തവണ 37 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. എട്ട് ഗ്രൂപ്പായി തിരച്ചായിരുന്നു മത്സരങ്ങള്‍. സംസ്ഥാന ടീമുകൾക്കു പുറമേ ശ്രീലങ്ക, ലക്ഷദ്വീപ്, അൻഡമാൻ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുക്കുകയുണ്ടായി. സ്കോർനില സൂചിപ്പിക്കും പോലെ ഏകപക്ഷീയമായിരുന്നില്ല ഫൈനൽ മത്സരമെന്നു മാത്രമല്ല ഉത്തരാഖണ്ഡ് ടീമിന് മികച്ച അവസരങ്ങൾ ലഭിക്കുകയും ചെയ്തു.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചുകളിച്ച എതിരാളികളുടെ വലയിൽ അപ്രതീക്ഷിതമായാണ് 20 മിനിറ്റിൽ തഖലാമ്പെ കേരളത്തിനുവേണ്ടി പന്തെത്തിച്ചത്. ഗോൾ തിരിച്ചടിക്കാൻ സിബിഎസ ഇ ടീം കിണഞ്ഞു പരിശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം അതിശക്തിമായ നിലകൊണ്ടതോടെ എല്ലാം വിഫലമായി. 62-ാം മിനിറ്റിൽ ആഷ്മിൽ ഉഗ്രൻ ഷോട്ടിലൂടെ ഗോൾ കീപ്പറെ കീഴ്പ്പെടുത്തിയതോടെ കേരളത്തിന്റെ വിജയം ഉറപ്പായി.

