‘ഇറ്റ്ഫോക്’ അന്താരാഷ്ട്ര നാടകോത്സവ വിരുന്നിന് തിരശീല ഉയർന്നു. ‘ഒന്നിക്കണം മാനവികത’ എന്ന പ്രമേയത്തിലൂന്നി, ഫെബ്രുവരി 14 വരെ ഏഴ് വേദികളിലായി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാടകോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുരളി തിയറ്ററിന്റെ ഉദ്ഘാടനവും നടന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.
അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ കെ ടി മുഹമ്മദ് തീയറ്റർ പരിസരത്ത് 101 വാദ്യകലാകാരൻമാർ അണിനിരന്ന മേളം നാടകദിനങ്ങളുടെ വരവറിയിച്ചു.
റവന്യു മന്ത്രി കെ രാജൻ ഇറ്റ്ഫോക് ബുള്ളറ്റിൻ ‘സെക്കന്റ് ബെൽ’ പ്രകാശനം ചെയ്തു. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ആദ്യ കോപ്പി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഫെസ്റ്റിവൽ ടീഷർട്ട് പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ഹരിത വി കുമാർ ഏറ്റുവാങ്ങി. മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ഫെസ്റ്റിവൽ ബാഗ് പി ബാലചന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ബുക്ക് ടി എൻ പ്രതാപൻ എംപി മേയർ എം കെ വർഗീസിന് നൽകി പ്രകാശനം ചെയ്തു. നടൻ പ്രകാശ് രാജ് മുഖ്യാതിഥിയായിരുന്നു.
കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ആമുഖപ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂർ, ബി അനന്തകൃഷ്ണൻ, ദീപൻ ശിവരാമൻ, നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു. ആദ്യദിനമായ ഇന്നലെ സാംസൺ, ടേക്കിങ് സൈഡ്സ്, നിലവിളികൾ മർമരങ്ങൾ ആക്രോശങ്ങൾ, ഇന്ത്യൻ ഓഷ്യൻ ബാന്റിന്റെ സംഗീതം എന്നീ നാടകങ്ങള്‍ അരങ്ങേറി. സാംസൺ കൊളോണിയലിസത്തിനെതിരെ ശബ്ദിക്കുമ്പോൾ, ടേക്കിങ് സൈഡ്സ് ഫാസിസത്തിനും, നിലവിളികൾ മർമരങ്ങൾ ആക്രോശങ്ങൾ അടിയന്തരാവസ്ഥയ്ക്കും എതിരെയാണ് രംഗസമരമൊരുക്കുന്നത്. സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികളെ ഈ മൂന്ന് നാടകങ്ങളും അക്ഷരാർത്ഥത്തിൽ വരച്ചു കാണിക്കുന്നുണ്ട്.
English Summary;The curtain has risen on the International Drama Festival
You may also like this video