Site iconSite icon Janayugom Online

രണ്ടര വയസുകാരിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ കുട്ടിയുടെ സംരക്ഷണ ചുമതല സിഡബ്ല്യുസി ഏറ്റെടുക്കും. അമ്മ കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ ബിറ്റി കെ ജോസഫ് പറഞ്ഞു. കുട്ടിയുടെ മാതാവിന്റെ ഭാഗത്തു നിന്ന് വേണ്ട പരിചരണം കുട്ടിക്ക് ലഭിച്ചിട്ടില്ല .

കുട്ടിക്ക് അടിയന്തരമായി കൊടുക്കേണ്ട സംരക്ഷണമോ വൈദ്യ സഹായമോ നല്‍കിയിട്ടില്ല. അതുകൊണ്ടാണ് കൂട്ടി ഇത്രയും മോശം അവസ്ഥയിലേക്ക് എത്തിയത്. കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ ഉടന്‍ ഏറ്റെടുക്കുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി.

കുട്ടിയുടെ കുടുംബത്തിന്റെ ഒപ്പം താമസിച്ചിരുന്ന പുതുവൈപ്പ് സ്വദേശി ആന്റണി ടിജിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൈസൂരില്‍ വച്ചാണ് ആന്റണി ടിജിന് കസ്റ്റഡിയിലായത്. പൊലീസ് ആന്റണിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനും ഒപ്പമാണ് ആന്റണി മൈസൂരില്‍ എത്തിയത്. മൂന്ന് പേരെയും കൊച്ചിയില്‍ എത്തിച്ചു.

അതേസമയം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുട്ടി കണ്ണു തുറക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ മുതല്‍ നേരിട്ട് ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവിലെ സാഹചര്യം പ്രതീക്ഷ നല്‍കുന്നതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

eng­lish sum­ma­ry; The CWC will take care of the two-and-a-half-year-old girl

you may also like this video;

Exit mobile version