കെഎസ്ആര്‍ടിസി ബസുകള്‍ ബ്രേക്ക് ഡൗണായി വഴിയില്‍ കിടക്കുന്നതിന് അന്ത്യം വരുത്താനൊരുങ്ങി ഗതാഗത വകുപ്പ്. പഞ്ചറാവുകയോ, അത്ര ഗുരുതരമല്ലാത്ത തകരാറുകള്‍ കാരണം ബ്രേക്ക് ഡൗണാകുന്ന ബസുകള്‍ ട്രിപ്പ് മുടങ്ങാതിരിക്കാൻ അതിവേഗം നന്നാക്കുന്നതിന് കെഎസ്ആര്‍ടിസി വാങ്ങിയ റാപ്പിഡ് റിപ്പയര്‍ വെഹിക്കിളുകള്‍ ഉടൻ നിരത്തിലെത്തും. ഡല്‍ഹിയില്‍ നിന്ന് കെഎസ്ആര്‍ടിസി വാങ്ങിയ നാല് വീലുകളുള്ള അലൂമിനിയം കവചിത ബോഡിയാൽ നിർമ്മിച്ച 10 മിനി ട്രക്കുകള്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് തുടങ്ങും.
റോഡരികിൽ ബസുകൾ കേടായി കിടക്കുന്നത് ഒഴിവാക്കി എത്രയും വേഗം തകരാർ പരിഹരിച്ച് ട്രിപ്പ് മുടങ്ങാതെ യാത്ര പുനരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാപ്പിഡ് റിപ്പയര്‍ വെഹിക്കിളുകള്‍ വാങ്ങിയത്. ഡ്രൈവറടക്കം മൂന്ന് മെക്കാനിക്കുകള്‍ വാഹനത്തിലുണ്ടാവും. അറ്റകുറ്റപ്പണിക്കുള്ള സ്പെയര്‍ പാര്‍ട്സുകളും ടയറുകളും വണ്ടിയിലുണ്ടാവും. ബസ് കേടായ വിവരം ലഭിച്ചാലുടൻ ഒട്ടും സമയം പാഴാക്കാതെ എത്തി അറ്റകുറ്റപ്പണി നടത്തും. 24 മണിക്കൂറും സേവനം ലഭ്യമാകും. നിലവിൽ ബസുകൾ കേടായി വഴിയില്‍ കിടക്കുമ്പോള്‍ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് വര്‍ക്‌ഷോപ്പ് വാനുകളില്‍ മെക്കാനിക്കുകളെത്തി തകരാറ് പരിഹരിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി റാപ്പിഡ് റിപ്പയര്‍ വെഹിക്കിളുകളെ വിന്യസിക്കും. ദീര്‍ഘദൂര ബസുകള്‍ കേടാകുന്ന സാഹചര്യമുണ്ടായാല്‍ വേഗത്തില്‍ തകരാര്‍ പരിഹരിച്ച് യാത്ര തുടരുന്നതിന് വേണ്ടി തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും ഇവ വിന്യസിക്കും. തിരുവനന്തപുരം പാറശാല, പാലക്കാട്, വയനാട് ചുരം, കാസര്‍കോട് എന്നിവിടങ്ങളിലും റിപ്പയര്‍ വെഹിക്കിളുകളെ നിയോഗിക്കും.

