കുട്ടിക്ക് മറാത്തി ഭാഷ ശരിയായി സംസാരിക്കാൻ അറിയില്ലെന്ന കാരണത്താൽ ആറു വയസ്സുകാരിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. നവി മുംബൈയിലെ കലാംബോളിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ 30 വയസ്സുകാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതാണെന്ന് വരുത്തിത്തീർക്കാനാണ് അമ്മ ആദ്യം ശ്രമിച്ചത്. വൈകുന്നേരം ജോലി കഴിഞ്ഞ് ഭർത്താവ് എത്തിയപ്പോൾ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹത്തിൽ സംശയം തോന്നിയ പൊലീസ് ഇൻസ്പെക്ടർ പ്രത്യേക പോസ്റ്റ്‌മോർട്ടം നടത്താൻ ആവശ്യപ്പെട്ടു. ശ്വാസതടസ്സം മൂലമാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായതോടെ മാതാപിതാക്കളെ ചോദ്യം ചെയ്തു. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.
സയൻസ് ബിരുദധാരിയായ യുവതിയും ഐടി എൻജിനീയറുമായി 2017ലാണ് വിവാഹം കഴിക്കുന്നത്. എന്നാൽ മകൾക്ക് സംസാരവൈകല്യം ഉണ്ടായിരുന്നുവെന്നും കുട്ടി മറാത്തിക്ക് പകരം ഹിന്ദിയാണ് കൂടുതലായി സംസാരിച്ചിരുന്നതെന്നും ഇത് അമ്മയെ പ്രകോപിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. “എനിക്ക് ഇങ്ങനെയൊരു കുട്ടിയെ വേണ്ട, ഇവൾക്ക് സംസാരിക്കാൻ അറിയില്ല” എന്ന് സ്ത്രീ ഭർത്താവിനോട് സ്ഥിരമായി പരാതിപ്പെട്ടിരുന്നു. കൂടാതെ, തനിക്ക് ആൺകുട്ടി വേണമെന്ന ആഗ്രഹവും മകൾ ജനിച്ചതിലുള്ള അതൃപ്തിയും ഇവർക്കുണ്ടായിരുന്നു. ഇവർ മാനസികാരോഗ്യ ചികിത്സ തേടിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

