Site iconSite icon Janayugom Online

ജോലിയില്ലാത്ത യുവാവിനെ മകൾ വിവാഹം കഴിച്ചു; യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച് പെണ്‍വീട്ടുകാര്‍

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ പരസ്യമായി കെട്ടിയിട്ട് മർദ്ദിച്ചു. ആന്ധ്രാപ്രദേശിലെ ഏലൂരു ജില്ലയിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ സായ് ദുർഗ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ച സായ് ചന്ദ് എന്ന യുവാവിനാണ് പെൺവീട്ടുകാരുടെ ക്രൂരമർദനമേറ്റത്. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് പൊലീസ് സംരക്ഷണയിലാണ് ഇവർ വിവാഹിതരായത്. സായ് ചന്ദിന്റെ മാതാപിതാക്കൾ വിവാഹത്തിൽ പങ്കെടുത്തപ്പോൾ പെൺവീട്ടുകാർ വിട്ടുനിന്നിരുന്നു. തപാൽ വകുപ്പിൽ ജോലി ചെയ്യുന്ന മകൾക്ക് തൊഴിൽരഹിതനായ സായ് ചന്ദിനെ വിവാഹം ചെയ്തു കൊടുക്കാൻ വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നുവെന്ന് ഏലൂരു എസ് പി ശിവപ്രതാപ് കിഷോർ വ്യക്തമാക്കി.

വിവാഹത്തിന് പിന്നാലെ സായ് ചന്ദിനെ കണ്ടെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ ഇയാളെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. നവദമ്പതികൾക്ക് നിലവിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

Exit mobile version