ഉമ്മച്ചി പോയന്ന്
പകൽ ഒറ്റക്കുണർന്നിരിക്കുന്നു!
വിയർപ്പു പൊടിഞ്ഞ
ഒരിറ്റു കണ്ണുനീർ
മേഘങ്ങളിൽ ചെന്ന്
പുകച്ചുരുളുകളാകുന്നു
വീട് മൊല്ലാക്കയെ വിളിക്കാനോടി
ബ്രഷുകൾ സോപ്പിടാതെ
താനെ കുളിച്ചൊരുങ്ങി
അട്ടിപ്പാത്രം അന്നം തേടി
അടുക്കള വാതിൽ വരേയലഞ്ഞു
അടുപ്പിലാരും വെന്തില്ല
കഞ്ഞിക്കലം കമഴ്ന്നു തന്നെ കിടന്നു
മുറ്റത്തെ കുറ്റിച്ചൂല് ബെൽറ്റഴഞ്ഞ്
ആരെയോ തേടി വേലി ചാടി
ഊറിയ കണ്ണുകൾക്ക് വരപിഴച്ചു
യൂണിഫോമുകൾ ചുളിവും പേറി
സ്കൂളിലേക്ക് മുടന്തി
മൂകമായി പുസ്തകങ്ങൾ
ബാഗിൽ തന്നെയുറങ്ങി
വടക്കണി മുറ്റത്ത് മാവിൽ
തനിയെ ആടില്ലെന്ന് ചിണുങ്ങി
ഊഞ്ഞാല് പിന്നെ
ചരടു പൊട്ടിച്ചു
തീൻ മുറിയിൽ
ഉപ്പോ പുളിയോ പിഴക്കവേ
രണ്ട് കൈകൾ
വേവാത്തതിന്റെ അരുചി
നിറഞ്ഞു നിന്നു
അന്തിത്തിരിക്കോ
മുറിവിൽ ചുറ്റാനോ
എളുപ്പം ചീന്തിക്കിട്ടും
പഴഞ്ചേലകൾ മാറിപ്പോയി
എന്നിട്ടും,
അടിമുടി പൂത്തുലഞ്ഞങ്ങനെ നിൽക്കുന്നു
വകതിരിവില്ലാത്തൊരു പാഴ്മരം
വീടപ്പടി കുഴിമൂടി വെച്ചൊരാ
പുതു മണ്ണിലയത്തിന്റെ ഭാഗ്യം
മറവിയിലുമെവിടെയോ
നിറഞ്ഞ അകിടുമായി
കരഞ്ഞു ചോരുന്നുണ്ടാവണം
മണ്ണായവൾ