Site iconSite icon Janayugom Online

ജനാധിപത്യം ലജ്ജിച്ച ദിനങ്ങള്‍, മണ്ടന്‍ പരിഷ്കാരങ്ങള്‍

parliamentparliament

17-ാം ലോക്‌സഭാ സമ്മേളനത്തിന് തിരശീല വീഴുമ്പോള്‍ മോഡി സര്‍ക്കാര്‍ ബാക്കി വച്ച് പോകുന്നത് രാജ്യം ഇതുവരെ ദര്‍ശിച്ചിട്ടില്ലത്ത കറുത്തദിനങ്ങളും മണ്ടന്‍ പരിഷ്കാരങ്ങളും. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചതെന്ന് പ്രതിപക്ഷ എംപിമാര്‍ ചൂണ്ടിക്കാട്ടി.
1952ല്‍ നിലവില്‍ വന്ന ആദ്യലോക്‌സഭ മുതല്‍ നാളിതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും കുറവ് ദിവസം സമ്മേളിച്ച, ഉല്പാദനക്ഷമത ഏറ്റവും ശുഷ്കമായ സഭയാണിത്. ഭരണഘടനയെ ബഹുമാനിക്കാത്ത ഭരണപക്ഷം അഞ്ച് വര്‍ഷം ഭരണം നടത്തിയത് ഡെപ്യൂട്ടി സ്പീക്കറുടെ അഭാവത്തിലായിരുന്നു. ഇരുസഭകളിലും പ്രധാന മന്ത്രി നരേന്ദ്ര മോഡി ഒരു ചോദ്യത്തിനും മറുപടി നല്‍കാതെ പോയതും 17-ാം ലോക്‌സഭയുടെ പ്രത്യേകതയാണ്. റൂള്‍ 267 പ്രകാരം കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ നല്‍കിയ നോട്ടീസ് ചര്‍ച്ച ചെയ്യാത്ത സഭയെന്ന റെക്കോഡും ലഭിച്ചു. 

ഭരണപക്ഷത്തെ ഒരു എംപി, പ്രതിപക്ഷ എംപിയെ വര്‍ഗീയമായി അധിക്ഷേപിച്ച സംഭവത്തിനും സഭ സാക്ഷിയായി. രാജ്യത്തിന്റെ മഹനീയ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റിനകത്ത് സുരക്ഷാവീഴ്ച സംഭവിച്ചു. ചോദ്യം ചോദിച്ചു എന്ന ഒറ്റ കാരണത്താല്‍ പ്രതിപക്ഷത്തെ 146 എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കും സാക്ഷ്യം വഹിച്ചു. പ്രതിപക്ഷ എംപിമാരുടെ 300 ചോദ്യങ്ങള്‍ നീക്കം ചെയ്തതും ജനാധിപത്യവിരുദ്ധ നടപടിയായി.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ തുഗ്ലക്കിനെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നുവെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടുന്നു. എംപിമാരുടെ മുഖം സ്കാന്‍ ചെയ്യാനുള്ള നടപടിയാണ് ഇതില്‍ ആദ്യത്തേത്. നേരത്തെയുണ്ടായിരുന്ന ഒറ്റ കാന്റീന്‍ മാറ്റി രാജ്യസഭ, ലോക്‌സഭ എന്നിങ്ങനെ രണ്ട് കാന്റീന്‍ ആരംഭിച്ചത് മണ്ടന്‍ പരിഷ്കാരത്തിന്റെ മറ്റൊരു ദൃഷ്ടാന്തമായി. കാന്റീനില്‍ ഫിഷ് ഫ്രൈ നല്‍കാനുള്ള തീരുമാനവും ഇതിന്റെ പരിധിയില്‍ വരും. 

പ്രവേശന കവാടങ്ങളുടെ പേര് മാറ്റമാണ് മറ്റൊന്ന്. ഗജ ദ്വാര്‍, അശ്വ ദ്വാര്‍, ഗരുഡ ദ്വാര്‍ എന്നിങ്ങനെയാണ് നല്‍കിയ നാമധേയം. മാധ്യമങ്ങളെ പാര്‍ലമെന്റില്‍ നിന്ന് അകറ്റി നിര്‍ത്തിയ സംഭവവും നാണക്കേടിന്റെ മറ്റൊരു അധ്യായമായി. സഭാ ഹാള്‍ ഒഴിഞ്ഞ് കിടക്കുന്ന പ്രതീതി, സന്ദര്‍ശക മുറിയുടെ അഭാവം, എംപിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നിയമം എന്നിവ മോഡിയുടെയും ബിജെപിയുടെയും മണ്ടന്‍ പരിഷ്കാരങ്ങളുടെ പട്ടികയില്‍പ്പെടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

Eng­lish Sum­ma­ry: The days when democ­ra­cy was ashamed, stu­pid reforms

You may also like this video

Exit mobile version