Site iconSite icon Janayugom Online

ആശ്രിത നിയമനത്തിന് 13 വയസ്സ് നിർബന്ധമെന്ന തീരുമാനം പിൻവലിക്കണം

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം തൊഴിൽ ലഭിക്കണമെങ്കിൽ ആശ്രിതർക്ക് 13 വയസ്സ് പൂർത്തിയായിരിക്കണമെന്ന ക്യാബിനറ്റ് തീരുമാനം പിൻവലിക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് അജയകുമാർ അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ മെഡിക്കൽ കോളേജ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സർക്കാരിന്റെ പുതിയ തീരുമാനം സിവിൽ സർവീസിൽ അസംതൃപ്തി സൃഷ്ടിക്കുന്നതും പദ്ധതിയുടെ അന്തഃസത്ത ചോദ്യം ചെയ്യുന്നതുമാണ്.
ആശ്രിത നിയമനത്തിനുള്ള മാനദണ്ഡത്തിൽ വരുമാനപരിധി നിശ്ചയിച്ചിട്ടുള്ളത് യാഥാർത്ഥ്യബോധത്തോടുകൂടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി എം സജീന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി രത്നദാസ്, എസ് സജീവ്, എം കെ പ്രമീള എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പി സുനിൽകുമാർ അനുശോചന പ്രമേയവും എം പി സൂരജ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. എൻ പി അച്യുതൻ അധ്യക്ഷത വഹിച്ചു. എ എക്സ് നൈജു സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എൻ പി അച്യുതൻ (സെക്രട്ടറി), എം പി സൂരജ് (ജോ. സെക്രട്ടറി), പി സുനിൽകുമാർ (പ്രസിഡന്റ്), രമേശൻ (വൈസ് പ്രസിഡന്റ്), പരമശിവൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വനിത കമ്മറ്റി സെക്രട്ടറിയായി ഷൈലജയേയും പ്രസിഡന്റായി ഉഷയേയും തെരഞ്ഞെടുത്തു. 

Exit mobile version