Site iconSite icon Janayugom Online

ക്ഷേത്രത്തിനായി രഥം നിര്‍മ്മിച്ച് പ്രതിരോധ ഗവേഷണ സ്ഥാപനം; പാര്‍ലമെന്റിനെയും കബളിപ്പിച്ചു

രാജ്യത്തെ പ്രതിരോധ ഗവേഷണ നിര്‍മ്മാണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡലവപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ക്ഷേത്രത്തിനായി രഥം നിര്‍മ്മിച്ചു നല്‍കി. പ്രഖ്യാപിത നയത്തിന് വിരുദ്ധമായ നടപടി ചോദ്യം ചെയ്ത പ്രതിപക്ഷത്തിന്, ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയ മോഡി സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചു. സൈന്യത്തിനുവേണ്ടി ആധുനിക യുദ്ധോപകരണങ്ങളും യന്ത്രസമാഗ്രികളും നിര്‍മ്മിക്കുകയും പ്രതിരോധ മേഖലയില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് പൂനെയിലെ സന്ത് ധ്യാനേശ്വര്‍ ക്ഷേത്രത്തിനായി ആധുനിക രീതിയിലുള്ള രഥം നിര്‍മ്മിച്ച് നല്‍കിയത്. ആര്‍എസ്എസ്-ബിജെപി അനുഭാവിയായിരുന്ന എസ് ഗുരുപ്രസാദ് ഡയറക്ടര്‍ ആയിരുന്ന വേളയിലാണ് രഥ നിര്‍മ്മാണം ആരംഭിച്ചത്. സ്ഥാപനത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡി മുത്തുരാജ് കേന്ദ്ര വിജിലന്‍സ് കമ്മിഷന് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

ഡിആര്‍ഡിഒയുടെ പൂനെ കേന്ദ്രത്തിലാണ് ബാറ്ററി ഉപയോഗിച്ച് പ്രവൃത്തിക്കുന്ന കാര്‍ബണ്‍ ഫൈബര്‍ രഥം നിര്‍മ്മിച്ചത്. 2015ല്‍ ടിഡിപി എംപി ചമകുര മല്ല റെഡ്ഡിയാണ് ഡിആര്‍ഡിഒ രഥം നിര്‍മ്മിച്ച വിവരം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചത്. രഥം നിര്‍മ്മിക്കാന്‍ ചെലവഴിച്ച തുക, ഇതിനായി നീക്കിവച്ച ഫണ്ടിന്റെ കണക്ക്, സര്‍ക്കാര്‍ അംഗീകാരത്തോടെയാണോ രഥനിര്‍മ്മാണം, ക്രമവിരുദ്ധമായി രഥം നിര്‍മ്മിച്ച വിഷയത്തില്‍ സ്വീകരിച്ച നടപടി തുടങ്ങിയ ഉപചോദ്യങ്ങളും റെഡ്ഡി ഉന്നയിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായും ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചതായും അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സഭയില്‍ മറുപടി നല്‍കി. എന്നാല്‍ രഥം നിര്‍മ്മിച്ചുവെന്നോ, അത് ക്ഷേത്രത്തിന് കൈമാറിയത് സംബന്ധിച്ചോ പ്രതിരോധ മന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. വിഷയത്തില്‍ മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പരീക്കര്‍ വ്യക്തമാക്കിയിരുന്നു. സ്ഥാപനം ക്രമവിരുദ്ധ നടപടി നടത്തിയിട്ടില്ലെന്ന വിചിത്രമായ റിപ്പോര്‍ട്ടാണ് അന്വേഷണ സമിതി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.

ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട വിവാദ രഥം നിര്‍മ്മാണം സംബന്ധിച്ചുള്ള അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ടുപോകാതെ അവസാനിച്ചു. പദ്ധതിക്ക് ചുക്കാന്‍ പിടിച്ച പ്രധാനി ഇപ്പോള്‍ ഇപ്പോള്‍ നിതി ആയോഗില്‍ സുപ്രധാന പദവി വഹിക്കുന്നതായി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 60 ഗവേഷണ കേന്ദ്രങ്ങളുള്ള ഡിആര്‍ഡിഒയുടെ പൂനെയിലെ എന്‍ജീനിയേഴ്സ് ലാബിലാണ് രഥം നിര്‍മ്മാണം നടന്നത്. കരസേനയ്ക്കായി കുഴിബോംബ്, മറ്റ് യുദ്ധോപകരണങ്ങള്‍, രാസായുധം, ആണവായുധം എന്നിവ നിര്‍മ്മിക്കുന്ന സ്ഥാപനമാണിത്. 2012ല്‍ എന്‍ജീനിയേഴ്സ് ലാബിന്റെ പ്രവര്‍ത്തനത്തിലെ ക്രമവിരുദ്ധ നടപടികളെ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ (സിഎജി) റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Eng­lish Sum­ma­ry: The Defense Research Insti­tute built the char­i­ot for the tem­ple; Par­lia­ment was also deceived
You may also like this video

YouTube video player
Exit mobile version