ഡൽഹിയിലെ അധികാരത്തര്‍ക്കത്തില്‍ പുതിയ പോര്‍മുഖം തുറന്നു. സ്വകാര്യ വൈദ്യുത വിതരണ കമ്പനി ബോർഡിൽ നിന്ന് രണ്ട് സർക്കാർ നോമിനികളെ ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന മാറ്റി. ആംആദ്മി പാര്‍ട്ടി വക്താവ് ജാസ്മിൻ ഷാ, എൻ ഡി ഗുപ്ത എംപിയുടെ മകൻ നവീൻ ഗുപ്ത എന്നിവരെയാണ് നീക്കിയത്.
അനിൽ അംബാനിയുടെ ബിവൈപിഎൽ, ബിആർപിഎൽ, ടാറ്റയുടെ എൻഡിപിഡിസിഎൻ എന്നീ സ്വകാര്യ വൈദ്യുത കമ്പനിയുടെ ബോർഡംഗങ്ങളായാണ് ഇരുവരെയും സർക്കാർ നിയമിച്ചത്. ഇരുവരെയും അനധികൃതമായാണ് സർക്കാർ നോമിനികളാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി. പകരം ഈ സ്ഥാനത്തേക്ക് മുതിർന്ന സർക്കാർ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. സാമ്പത്തിക കാര്യ സെക്രട്ടറി, വൈദ്യുത വകുപ്പ് സെക്രട്ടറി, ഡൽഹി ട്രാൻസ്കോ എംഡി എന്നിവരാണ് പകരമായി നിയമിക്കപ്പെട്ടത്.
ലെഫ്റ്റനന്റ് ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും അനധികൃതവുമാണെന്നാണ് സംഭവത്തില്‍ എഎപിയുടെ പ്രതികരണം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മാത്രമേ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉത്തരവിടാൻ അനുവാദമുള്ളു. ലെഫ്റ്റനന്റ് ഗവർണർ ഭരണഘടനയെ പരിഹസിക്കുകയാണെന്നും പാർട്ടി പറഞ്ഞു.
എഎപി നോമിനികൾ സംസ്ഥാന ഖജനാവിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവരെ നീക്കം ചെയ്യാൻ വി കെ സക്‌സേന നടപടി എടുത്തത്. എന്നാൽ ഈ ആരോപണങ്ങൾ എഎപി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
English Summary;The Delhi government-governor war is at a new level
You may also like this video