Site iconSite icon Janayugom Online

എഐസിസി ഓഫീസ് പരിസരത്ത് കനത്ത സുരക്ഷാ സന്നാഹമൊരുക്കി ഡല്‍ഹി പൊലീസ്

ഇഡിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, എഐസിസി ഓഫീസ് പരിസരത്ത് കനത്ത സുരക്ഷാ സന്നാഹമൊരുക്കി ഡല്‍ഹി പൊലീസ്. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നില്‍ ചാദ്യം ചെയ്യലിന് ഹാജരാകുന്നത്. കോണ്‍ഗ്രസിന്റെ ഇ.ഡി ഓഫിസ് മാര്‍ച്ച് കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ പുറപ്പെടുവിച്ചു. എഐസിസി ആസ്ഥാനം പൊലീസ് വലയത്തിലാണ്. അക്ബര്‍ റോഡിലേക്കുളള എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചു.

ഡല്‍ഹി നഗരത്തിലും എഐസിസി ഓഫീസ് പരിസരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചു. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി രാഹുലിനൊനൊപ്പം കോണ്‍ഗ്രസ് നേതാക്കളും ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും എന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നൊരുക്കം.

എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധി ഇഡി ഓഫീസില്‍ തുടരുന്നത് വരെ കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

ഇഡി ഓഫീസിലേക്ക് റാലി നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇതിനിടെ, രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് ഡല്‍ഹിയില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.

Eng­lish sum­ma­ry; The Del­hi Police has set up heavy secu­ri­ty at the AICC office premises

You may also like this video;

Exit mobile version