Site iconSite icon Janayugom Online

തോട്ടം ഉടമകളുടെ ആവശ്യങ്ങൾ അംഗീകരിച്ചു; ആനുകൂല്യങ്ങൾ ഇനിയും ലഭിക്കാതെ തൊഴിലാളികള്‍

സംസ്ഥാനത്തെ തോട്ടം ഉടമകളുടെ ആവശ്യങ്ങൾ എല്ലാം സർക്കാർ അംഗീകരിച്ചിട്ടും ആനുകൂല്യങ്ങളും ശമ്പള വർധനവും നൽകാതെ ഉടമകൾ മുന്നോട്ടു പോകുന്നതിൽ തൊഴിലാളികളിൽ പ്രതിഷേധം ശക്തമാകുന്നു. തോട്ടം തൊഴിലാളികളുടെ ശമ്പളം പുതുക്കി നിശ്ചയിച്ച കരാർ കാലാവധി അവസാനിച്ചതാണ്. 2022 ജനുവരി ഒന്നു മുതൽ പുതുക്കിയ ശമ്പളം ലഭിക്കാൻ തൊഴിലാളികൾക്ക് അർഹതയുണ്ട്. മിനിമം ബോണസ് നൽകാനും കമ്പനികൾ തയ്യാറാകുന്നില്ല. തോട്ടത്തിന്റെ അഞ്ചുശതമാനം വ്യവസായിക ആവശ്യങ്ങൾക്ക് അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതോടുകൂടി തോട്ടങ്ങളിൽ പുതിയ വ്യവസായങ്ങൾ ആരംഭിക്കുകയും വരുമാന വർധനവും ഉണ്ടായി. ഇതിനു പുറമെ ആഭ്യന്തര‑വിദേശ വിപണികളിലും മികച്ച വിലയാണ് ചായപ്പൊടിക്ക് ലഭിക്കുന്നത്. 250–300 രൂപ വരെയാണ് ആഭ്യന്തര വിപണികളിൽ വില. എങ്കിലും ലേലത്തിൽ വിറ്റ ചായപ്പൊടിയുടെ വില മാത്രം പരിഗണിച്ചാണ് ലാഭ‑നഷ്ടക്കണക്കുകൾ പറയുന്നത്. കമ്പനികൾ വിപണിയിൽ വിൽക്കുന്നതും ലേലം ചെയ്യുന്നതുമായ തുകയും ഇതര വരുമാനങ്ങളും ഒരുമിച്ച് കണക്കാക്കിയാൽ ഉടമകൾക്ക് ലാഭം കണക്കുകളെക്കാള്‍ കൂടുതലാകും.

2020 ഡിസംബറിൽ നിയമസഭ പാസാക്കിയ കേരള തോട്ടം ഭൂമി നികുതി (റദ്ദാക്കൽ) നിയമത്തിന് ഗവർണറുടെ അനുമതി ലഭിച്ചതോടെ തോട്ടം ഉടമകളുടെ ആവശ്യത്തിനും പരിഹാരമായി. തോട്ടം മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ തോട്ടം ഭൂമിയുടെ നികുതി പൂർണമായി ഒഴിവാക്കണമെന്ന് 2015ൽ ശുപാർശ ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിൽ അതും നടപ്പാക്കി. ഉടമകൾക്ക് അനുകൂലമായി ഇത്രയെല്ലാം സർക്കാർ ചെയ്തിട്ടും വേതന വർധനവിന്റെ കാര്യത്തിൽ തൊഴിലാളി സംഘടനകൾ ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ വേതന വർധന നടത്താൻ അവർ തയ്യാറാകുന്നില്ല. 

ഇരുപത് രൂപ വർധിപ്പിക്കാമെന്ന ഉടമകളുടെ നിർദേശം തൊഴിലാളി പ്രതിനിധികൾ തളളി. മുൻകാല പ്രാബല്യവും അംഗീകരിക്കുന്നില്ല. തോട്ടം വ്യവസായത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഉടമകൾ സർക്കാരിന് മുന്നിൽ നൽകിയ ആവശ്യങ്ങൾ മിക്കവയും നടപ്പാക്കി കഴിഞ്ഞു. സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമെ വേതനം പുതുക്കി നിശ്ചയിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുളളു. വ്യവസായവകുപ്പിന്റെ ഭാഗമായ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ വകുപ്പ് മന്ത്രിയുടെ സാന്നിധ്യവും ഉണ്ടാകണമെന്നും തൊഴിൽ, വ്യവസായ മന്ത്രിമാരുടെ മുമ്പാകെ വേതന വർധന ചർച്ചകൾ നടത്തി പുതുക്കി നിശ്ചയിക്കാൻ നടപടികൾ ഉണ്ടാകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. 

Eng­lish Summary;The demands of the plan­ta­tion own­ers were accept­ed; Work­ers yet to receive benefits
You may also like this video

Exit mobile version