യൂറോപ്പ ലീഗില്‍ വമ്പന്മാരായ ബാഴ്സലോണയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറില്‍. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കിയാണ് ചുവന്ന ചെകുത്താന്മാരുടെ മുന്നേറ്റം. ഇരുപാദങ്ങളിലുമായി 4–3നാണ് യുണൈറ്റഡ് വിജയം നേടിയത്. ആദ്യപാദത്തില്‍ ഇരുടീമും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. തുടക്കത്തില്‍ തന്നെ ബാഴ്സലോണ ലീഡെടുത്തു. പന്തടക്കത്തിലും പാസിങ്ങിലുമൊക്കെ നേരിയ മുന്‍തൂക്കം ബാഴ്സലോണയ്ക്കായിരുന്നു. എന്നാല്‍ ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഷോട്ട് വന്നത് മാഞ്ചസ്റ്ററിന്റെ ഭാഗത്തു നിന്നായിരുന്നു.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്റര്‍ രണ്ട് ഗോളുകള്‍ വലയിലിട്ടത്. 18-ാം മിനിറ്റിലാണ് ബാഴ്സലോണ ലീഡ് സ്വന്തമാക്കിയത്. പെനാല്‍റ്റിയില്‍ നിന്ന് റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് കറ്റാലന്മാര്‍ക്കായി വല ചലിപ്പിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് ബാള്‍ഡെയെ ബോക്സില്‍ വീഴ്ത്തിയതിനാണ് തുടക്കത്തില്‍ തന്നെ ബാഴ്സലോണയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ലെവന്‍ഡോവ്സ്കി ലക്ഷ്യം കാണുകയും ചെയ്തു.
രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ ബ്രസീലിയൻ താരങ്ങളായ ഫ്രെഡും ആന്തണിയുമാണ് യുണൈറ്റഡിന് ജയമൊരുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47-ാം മിനിറ്റില്‍ ഫ്രെഡിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില ഗോള്‍ കണ്ടെത്തി. ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു ഫ്രെഡ് ബാഴ്സ വല ചലിപ്പിച്ചത്. 73-ാം മിനിറ്റിലായിരുന്നു ആന്തണിയുടെയും വിജയ ഗോൾ. മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലും മുന്നിട്ടു നിന്നിട്ടും സ്പാനിഷ് ലീഗിലെ വിജയക്കുതിപ്പ് തുടരാന്‍ ഓള്‍ ട്രാഫോര്‍ഡില്‍ ബാഴ്സയ്ക്കായില്ല.
English Summary;The Devils beat Barca
You may also like this video

