ഇടുക്കിയെ മാലിന്യമുക്ത ജില്ലയായി ഏപ്രില്‍ എട്ടിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പ്രഖ്യാപിക്കും. ചെറുതോണി ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനം രാവിലെ 10ന് കലക്ടര്‍ വി വിഘ്നേശ്വരി ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ നിർദേശിച്ച 13 മാനദണ്ഡങ്ങളില്‍ 80 ശതമാനം പൂര്‍ത്തിയാക്കിയ 54 തദ്ദേശസ്ഥാപനങ്ങളെ മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ 558 വിദ്യാലയങ്ങളും 58 കലാലയങ്ങളും 3441 സ്ഥാപനങ്ങളും 52 ടൂറിസം കേന്ദ്രങ്ങളും 232 ടൗണുകളും 181 പൊതുസ്ഥലങ്ങളും 11,153 അയല്‍ക്കൂട്ടങ്ങളും ഇതിനകം ഹരിതമായി പ്രഖ്യാപിച്ചു.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ 12 ദിവസം നീളുന്ന മെഗാ ശുചീകരണ പരിപാടിയാണ് ജില്ലയില്‍ നടത്തിയത്. ജില്ല മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ആറു മാസത്തിനിടയില്‍ ഒട്ടേറെ കര്‍മ പദ്ധതികള്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവെന്ന് ജില്ല കോഓഡിനേറ്റര്‍ ഡോ. അജയ് പി കൃഷ്ണ പറഞ്ഞു.