Site icon Janayugom Online

ഹിജാബിന്റെ പേരില്‍ വിഭജനം പടരുന്നു

hijab

കര്‍ണാടകയിലെ കോളജുകളില്‍ ഹിജാബ് ധരിച്ചതിന്റെ പേരിലുള്ള വിഭാഗീയത തുടരുന്നു. ഉഡുപ്പി കുന്ദാപുര പ്രീ യൂണിവേഴ്സിറ്റി കോളജില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ക്ലാസ് റൂം ഏര്‍പ്പെടുത്തി.

ഹിജാബ് ധരിച്ച് കാമ്പസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയെങ്കിലും പ്രത്യേക ക്ലാസ് റൂമില്‍ ഇരിക്കണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അതിനിടെ ഹിജാബ് വിലക്കും മുസ്‌ലിം വിദ്വേഷവും സംസ്ഥാനത്തെ കൂടുതൽ കോളജുകളിലേക്ക് വ്യാപിച്ചു. സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്നാണ് പല കോളജ് അധികൃതരും ഹിജാബ് ധാരണത്തെ എതിര്‍ത്ത് ഉത്തരവിറക്കിയിട്ടുള്ളത്.

ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ കാവി ഷാള്‍ അണിയിച്ചാണ് ഹിന്ദുസംഘടനകള്‍ കോളജുകളിലേക്ക് അയക്കുന്നത്. അതിനിടെ ചിക്കമംഗളുരുവിലെ ഐഡിഎസ്ജി കോളജില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നീല ഷാള്‍ അണിഞ്ഞ് കോളജിലെത്തി. ഹിജാബ് വിലക്കില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ദളിത് വിദ്യാര്‍ത്ഥികള്‍ നീല ഷാള്‍ അണിഞ്ഞെത്തിയത്.

കുന്ദാപുര കോളജില്‍ ഹിജാബ് ധരിച്ച് കാമ്പസിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ദിവസങ്ങളായി സമരത്തിലായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചും കോളേജില്‍ എത്താമെന്നും ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും ഉഡുപ്പി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ് ടി സിദ്ദലിംഗപ്പ പറഞ്ഞു.

കുന്ദാപുരയിലെ തന്നെ കളവര വരദരാജ് എം ഷെട്ടി ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളജ് അധികൃതര്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്കു തന്നെ തിരിച്ചയച്ചു. ഹിജാബില്ലാതെ ക്ലാസില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചു. അതിനാല്‍ അവരെ തിരിച്ചയച്ചുവെന്നും ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതായും വൈസ് പ്രിന്‍സിപ്പല്‍ ഉഷ ദേവി പറഞ്ഞു.

വിജയപുര ജില്ലയിലെ ശാന്തേശ്വര പിയു കോളജിലും ജിആര്‍ബി കോളജിലും നിരവധി വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് ഹിജാബിട്ട സഹപാഠികള്‍ക്കെതിരെ പ്രകടനം നടത്തി. സംഘര്‍ഷ സാധ്യതകളെത്തുടര്‍ന്ന് പല കോളജുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

ഉഡുപ്പി വനിതാ കോളജിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അതാത് കോളജ് അധികൃതര്‍ തീരുമാനിക്കുന്ന യൂണിഫോം ധരിച്ച് മാത്രമേ വിദ്യാര്‍ത്ഥികള്‍ എത്താന്‍ പാടുള്ളൂവെന്ന് പ്രീ യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ ബോര്‍ഡ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

Eng­lish Sum­ma­ry: The divi­sion is spread­ing in the name of hijab

You may like this video also

Exit mobile version