ഛത്തീസ്ഗഢിലെ റായ്പൂരിൽ നാലാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ നായയുടെ പേരായി ‘റാം’ എന്ന് നൽകിയത് വിവാദമാകുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് ചോദ്യപ്പേപ്പർ തയ്യാറാക്കിയ സർക്കാർ സ്കൂൾ പ്രധാനാധ്യാപിക ശിഖ സോണിയെ സസ്‌പെൻഡ് ചെയ്തു. പേപ്പർ പരിശോധിച്ച കരാർ അധ്യാപിക നമ്രത വർമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളും ആരംഭിച്ചു. റായ്പൂർ ഡിവിഷനിലെ സർക്കാർ സ്കൂളുകളിൽ നടന്ന അർദ്ധവാർഷിക പരീക്ഷയിലെ “മോണയുടെ നായയുടെ പേരെന്ത്?” എന്ന ചോദ്യത്തിനുള്ള ഓപ്ഷനുകളിലൊന്നായി ‘റാം’ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.
സംഭവം വിവാദമായതോടെ അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. ചോദ്യപ്പേപ്പർ തയ്യാറാക്കുമ്പോൾ ‘രാമു’ എന്ന് ഉദ്ദേശിച്ചയിടത്ത് ‘U’ എന്ന അക്ഷരം വിട്ടുപോയതിനാലാണ് ‘റാം’ എന്ന് അച്ചടിച്ചു വന്നതെന്ന് പ്രധാനാധ്യാപിക ശിഖ സോണി വിശദീകരണം നൽകി. ഇതൊരു അബദ്ധം മാത്രമാണെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവ്വം ശ്രമിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, വിഷയം ഗൗരവകരമാണെന്ന് വിലയിരുത്തിയ വിദ്യാഭ്യാസ വകുപ്പ് ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഇവർ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഉത്തരവാദിത്തപ്പെട്ട അധ്യാപകരെ നിയോഗിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്കും സ്കൂൾ പ്രിൻസിപ്പാളിനും വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

