Site iconSite icon Janayugom Online

മാവേലിക്കരയില്‍ 77 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ; വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റു

മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി 77 പേരെയോളം കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ മഞ്ഞാടിയിലെ എഡിഡിഎല്‍ ലാബിലെ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്. കണ്ണമംഗലത്തെ പറമ്പില്‍ ചത്തുകിടന്ന നിലയില്‍ കണ്ടെത്തിയ നായയെ നാട്ടുകാര്‍ ചിലര്‍ ചേര്‍ന്ന് കുഴിച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം നായയെ നഗരസഭ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമുള്ള 77 പേര്‍ക്ക് പുറമെ തെരുവ് നായകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 3 വയസ്സുകാരി ഉള്‍പ്പെടെ 77 ഓളം പേര്‍ക്കോളം തെരുവുനായയുടെ കടിയേറ്റത്. പുതിയകാവ്, കല്ലുമല, തഴക്കര, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, എ.ആര്‍. ജംഗ്ഷന്‍, നടയ്ക്കാവ്, പ്രായിക്കര, കണ്ടിയൂര്‍, പറക്കടവ്, പനച്ചമൂട് ഭാഗങ്ങളിലായി തെരുവുനായ ഒട്ടേറെപ്പേരെ കടിച്ചത്. കടിച്ച നായയെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഞായറാഴ്ച ചെട്ടികുളങ്ങര കണ്ണമംഗലത്തെ ഒരു വസ്തുവില്‍ ചത്തനിലയില്‍ കാണപ്പെട്ട നായയെ ചിലര്‍ കുഴിച്ചുമൂടുകയായിരുന്നു. നായയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ജനങ്ങളുടെ ഭീതി അകറ്റുവാന്‍ അധികൃതര്‍ തയാറാകാതെ കുഴിച്ചു മുടിയതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതേ തുടര്‍ന്നാണ് ഇന്നലെ നായയെ പുറത്തെടുത്ത് പരിശോധനക്ക് അയച്ചത്.നിലവില്‍ മാവേലിക്കരയിലെ വെറ്റിനറി സര്‍ജന്‍ ഡോ ആര്‍ അജിവിന്റെ നേതൃത്വത്തില്‍ പ്രായിക്കര, പുതിയകാവ്, മാവേലിക്കര ടൗണ്‍ എന്നിവിടങ്ങളിലെ നായയില്‍ നിന്നും കടിയേറ്റിട്ടുണ്ടെന്ന് കരുതുന്ന ഏതാനും നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ നൂറ് കണക്കിന് നായകള്‍ ഉള്‍പ്പടെയുള്ള ജീവികള്‍ക്ക് കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നൂറ് കണക്കിന് തെരുവ് നായകളുള്ള മാവേലിക്കരയില്‍ ഇവയില്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നല്‍കുക എന്നത് വലിയ പ്രശ്‌നമായി തന്നെ ഉയരുകയാണ്. ഇത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുമുണ്ട്.

Exit mobile version