Site iconSite icon Janayugom Online

ആഭ്യന്തര പാസഞ്ചര്‍ വാഹന വിപണി കൂപ്പുകുത്തി

തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിക്കുന്നതിനിടെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്പനയും കൂപ്പുകുത്തി. 2025 ജൂണിൽ ഇന്ത്യയുടെ ആഭ്യന്തര വാഹന വില്പന കഴിഞ്ഞ വർഷം ഇതേ മാസത്തെ കണക്കുകളെ അപേക്ഷിച്ച് 3.6% കുറഞ്ഞ് 18,97,445 യൂണിറ്റായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്‌സ് (എസ്ഐഎഎം). മൊത്തം പാസഞ്ചര്‍ വാഹന വില്പന 6.3% കുറഞ്ഞ് 2.76 ലക്ഷം യൂണിറ്റായി. എല്ലാ വാഹനങ്ങളുടെയും ഉല്പാദനം 1.2% കുറഞ്ഞ് 23,64,868 യുണിറ്റായി മാറിയെന്നും എസ്ഐഎഎം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പ്രതികരിച്ചു.
2024 ജൂണുമായി താരതമ്യം ചെയ്യുമ്പോൾ, നിർമ്മാതാക്കൾ 85,091 യൂണിറ്റുകൾ മാത്രമേ വിറ്റഴിച്ചുള്ളൂ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15.3% കുറവാണ്. ഇതോടൊപ്പം ഇരുചക്ര വാഹന വില്പനയും 3.4ശതമാനം കുറഞ്ഞ് 15.6 ലക്ഷം യൂണിറ്റായി. 

കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2025 ജൂണിൽ അവസാനിച്ച പാദത്തിൽ ഓട്ടോമൊബൈൽ വില്പന 5.1% ഇടിഞ്ഞ് 60,74,874 യുണിറ്റായി മാറി. പാസഞ്ചര്‍, ഇരുചക്ര, ത്രീവീലര്‍ എന്നിവയുടെ റീട്ടെയില്‍ രജിസ്ട്രേഷന്‍ മുന്‍പാദത്തേക്കാള്‍ നേരിയ തോതില്‍ ഉയര്‍ന്നിരുന്നു. വിതരണ ശ്രംഖലയിലെ വെല്ലുവിളിയാണ് പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണും ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതിന്റെ നേട്ടങ്ങളും ഉപഭോക്താക്കളില്‍ വീണ്ടും വാഹനങ്ങളോടുള്ള കമ്പം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശൈലേഷ് ചന്ദ്ര പറഞ്ഞു. 

ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ഏറ്റവും അടിസ്ഥാന കാര്‍ വാങ്ങാന്‍ പോലും ത്രാണിയില്ലെന്ന് ഈ വര്‍ഷം മേയില്‍ മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പ്രതികരിച്ചിരുന്നു. മാറുന്ന അഭിരുചി, അഭിലാഷം എന്നിവയെക്കാള്‍ വരുമാനത്തിലെ മാന്ദ്യവും വര്‍ധിച്ച ചെലവുമാണ് വാഹന വിപണിയെ തളര്‍ത്തുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ ഇന്ത്യയുടെ ബഹുജന വിപണിയുടെ അഭിമാനമായിരുന്ന എന്‍ട്രി ലെവല്‍ മോഡലുകളുടെ വില്പനയില്‍ സമീപ വര്‍ഷങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ചെറിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പല ബ്രാന്‍ഡുകളും 2024ല്‍ ഒമ്പത് ശതമാനം വില്പന ഇടിവാണ് രേഖപ്പെടുത്തിയത്. 2020 മുതല്‍ ചെറുകാറുകള്‍ക്ക് 90,000 രൂപയാണ് വര്‍ധിച്ചത്. ഇതിന്റെ ഫലമായി അഞ്ചുമുതല്‍ ഏഴ് ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന മാരുതി ആള്‍ട്ടോ-വാഗണ്‍ആര്‍ പോലും ഭൂരിപക്ഷത്തിനും അപ്രാപ്യമാക്കി.

Exit mobile version