Site iconSite icon Janayugom Online

ശസ്ത്രക്രിയയ്ക്കിടെ ഡ്രിൽ ബിറ്റ് എല്ലിൽ തുളച്ചുകയറി; തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് പരാതി

തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിന്റെ ഇടുപ്പെല്ലിൽ ശസ്ത്രക്രിയയ്ക്കിടെ ഡ്രിൽ ബിറ്റിന്റെ ലോഹഭാഗം ഒടിഞ്ഞു തുളച്ചുകയറിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിൽ ജിജിന്റെ പരാതിപ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

കഴിഞ്ഞ നവംബർ 17നായിരുന്നു ജിജിന്റെ ഇടുപ്പെല്ലിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനായുള്ള ശസ്ത്രക്രിയ നടന്നത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞിട്ടും അസഹനീയമായ വേദന തുടർന്നതോടെ ജിജിൻ വീണ്ടും ആശുപത്രിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡ്രില്ലിന്റെ അഗ്രഭാഗം എല്ലിനുള്ളിൽ ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.

ഈ ലോഹക്കഷണം നീക്കം ചെയ്യാനാവില്ലെന്നും അത് എല്ലിന്റെ ഭാഗമായിക്കഴിഞ്ഞെന്നുമാണ് ഡോക്ടർമാർ നൽകിയ വിശദീകരണം. ഈ സാഹചര്യത്തിലാണ് പരാതിയുമായി ജിജിൻ എത്തിയത്. എന്നാൽ, ലോഹക്കഷണം ഇരിക്കുന്നത് കൊണ്ട് മറ്റ് പ്രശ്നങ്ങളുണ്ടാകില്ലെന്ന് രോഗിയെ നേരത്തെ തന്നെ അറിയിച്ചിരുന്നതായാണ് ആശുപത്രി അധികൃതരുടെ വാദം.

Exit mobile version