Site iconSite icon Janayugom Online

ഗോതുരുത്ത്-കോതപറമ്പ് നിവാസികളുടെ കുടിവെള്ള സ്വപ്നം യാഥാർത്ഥ്യമായി

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഗോതുരുത്ത്-കോതപറമ്പ് നിവാസികളുടെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം. വീട്ടുമുറ്റത്ത് സ്ഥാപിച്ചിരുന്ന പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളമെത്തിച്ച് സർക്കാർ ഇവരുടെ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചു. ഗോതുരുത്ത്, കോതപറമ്പ് പ്രദേശങ്ങളിൽ നാഷണൽ ഹൈവേയ്ക്കും കനാലിനും ഇടയിൽ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങൾ ഇക്കാലമത്രയും കുടിവെള്ളത്തിനായി ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായും ജല അതോറിറ്റിയുടെ മുപ്പത് വർഷത്തിലേറെ പഴക്കമുള്ള പൈപ്പ് ലൈനുകളുടെ തകരാറുകളും പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ കിലോമീറ്ററുകൾ വളഞ്ഞെത്തുന്ന ലൈനുകളും കാരണം വെള്ളം പമ്പ് ചെയ്യുന്ന സമയങ്ങളിൽ ഗോതുരുത്ത്, കോതപറമ്പ് പ്രദേശങ്ങളിൽ വെള്ളം എത്തിയിരുന്നില്ല. ഈ കാലങ്ങളായുള്ള പ്രശ്നത്തിന് പരിഹാരമായി കോതപറമ്പിലേക്കും ഗോതുരുത്തിലേക്കും അഞ്ചാം പരത്തിയിൽനിന്ന് പ്രത്യേക ഹോട്ട് ലൈനുകൾ സ്ഥാപിച്ച് നേരിട്ട് വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതോടെയാണ് വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ചിരുന്ന പൈപ്പ് ലൈനുകളിൽ വെള്ളമെത്തിക്കാൻ സാധിച്ചത്.

എസ്എൻ പുരം ഗ്രാമപഞ്ചായത്ത് ടാങ്കറുകൾ വഴി വെള്ളമെത്തിക്കുന്നതിന് 2024–25 സാമ്പത്തിക വർഷത്തിൽ 52.29 ലക്ഷംരൂപയും, 2025–26 സാമ്പത്തിക വർഷത്തിൽ 26.68 ലക്ഷം രൂപയും, പൊതു ടാപ്പുകളിലെ കുടിവെള്ള വിതരണത്തിന് വർഷം തോറും 45 ലക്ഷം രൂപയും, 55 ലക്ഷം രൂപ ചെലവഴിച്ച് ഒൻപത് വാട്ടർ കിയോസ്കുകളും രണ്ട് വാട്ടർ എടിഎമ്മുകളുമടക്കം 1.79 കോടി രൂപ ചെലവഴിച്ചാണ് പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ഇതുവരെ പരിഹാരം കണ്ടെത്തിയിരുന്നത്. പ്രദേശവാസികളുടെ സന്തോഷം പങ്കിടാൻ ചേർന്ന ചടങ്ങിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ, വൈസ് പ്രസിഡന്റ് സജിത പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. അയ്യൂബ്, സി സി ജയ , പി എ നൗഷാദ് , ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഷാജി, ​ഗ്രാമപഞ്ചായത്തം​ഗം കെ.ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version