Site iconSite icon Janayugom Online

റോഡ് മുറിച്ച് കടക്കാൻ നിന്ന യുവാവിനെ കാർ തട്ടിയതിന്റെ പേരിൽ ഡ്രൈവർക്ക് ക്രൂര മർദനം

റോഡ് മുറിച്ച് കടക്കാൻ നിന്ന യുവാവിനെ കാർ തട്ടിയതിന്റെ പേരിൽ ഡ്രൈവർക്ക് ക്രൂര മർദനം .ആറാട്ടുപുഴ നല്ലാണിക്കൽ കുളങ്ങരശേരിൽ അനിൽകുമാറിന്റെ മകൻ അനുവിനെയാണ്(29) ആറാട്ടുപുഴയിൽ ഒരു കൂട്ടം യുവാക്കൾ ക്രൂരമായി തല്ലി ചതച്ചത്. ആറാട്ടുപുഴ ലക്ഷംവീട്ടിൽ ഷാനവാസിന്റെ മകൻ അമീറിനാണ് (20) കാറിടിച്ചു പരിക്കേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച രാത്രി എട്ടേ മുക്കാലോടെ ബസ്സ്റ്റാൻഡിനു വടക്ക് എസി പള്ളി ജംഗ്ഷന് സമീപത്തായിരുന്നു ആയിരുന്നു സംഭവം. തൃക്കുന്നപ്പുഴയിൽ നിന്നും ഭക്ഷണം വാങ്ങി മടങ്ങി വരുമ്പോഴായിരുന്നു അപകടം. കാറിന്റെ മിറർ റോഡ് അരികിൽ നിന്ന അമീറിന്റെ ശരീരത്തിൽ തട്ടുകയും നിലത്ത് വീഴുകയും ചെയ്തു. ഉടനെ തന്നെ കാർ റോഡ് അരികിലേക്ക് മാറ്റി നിർത്തി പരിക്കേറ്റ ആളിനെ ആശുപത്രിയിൽ എത്തിക്കാനായി തയ്യാറെടുക്കുമ്പോൾ സമീപത്തുണ്ടായിരുന്ന ഒരു സംഘം യുവാക്കൾ എത്തി ക്രൂരമായി മർദിക്കുകയായിരുന്നു. കമ്പി വടിക്ക് തലക്കടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മരത്തടികൾ കൊണ്ടും കല്ലുകൾ കൊണ്ടും ആക്രമിച്ചു. മുഖം പൊട്ടി ചോര ഒഴുകി. ഒരു മണിക്കൂറോളം അക്രമം തുടർന്നു. അക്രമം തടയാനെത്തിയവർക്കും മർദനമേറ്റു. ആഴ്ചകൾക്ക് മുമ്പ് വാങ്ങിയ കാറും അക്രമികൾ അടിച്ച് തകർത്തു. 

സംഭവമറിഞ്ഞ് പിതാവ് അനിൽകുമാറും ഭാര്യ ലക്ഷ്മിയും സ്ഥലത്തെത്തി കേണപേക്ഷിച്ചിട്ടും അക്രമം തുടർന്നു. ചോരയൊലിച്ച് അവശനായി കിടന്ന അനുവിനെ ആശുപത്രിയിൽ എത്തിക്കാനും അനുവദിച്ചില്ല. പൊലീസ് വരട്ടെ എന്നായിരുന്നു മറുപടി. ഇതിനിടെ കൂടുതൽ നാട്ടുകാർ രംഗത്ത് വന്നതോടെ അക്രമി സംഘം രക്ഷപ്പെട്ടു. പൊലീസിന്റെ സഹായത്തോടെ സുഹൃത്തുക്കൾ തൊട്ടടുത്ത ക്ലിനിക്കിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. കമ്പി കൊണ്ടുള്ള അടിയിൽ കണ്ണിന്റെ മുകളിൽ മുറിവുണ്ടായി. നാലു തുന്നൽ ഉണ്ട്. രണ്ട് കണ്ണിന്റെ അകത്തും മുറിവ് സംഭവിച്ചു. വലതു കണ്ണ് തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഈ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. മരുന്നുകൊണ്ട് ഭേദമായില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. പല്ലിന് പൊട്ടലുണ്ട്. ശരീരമാസകലം മർദനമേറ്റ പാടുകൾ ഉണ്ട്. കാർ ഓടിച്ച് തെങ്ങില്‍ കൊണ്ടിടിക്കാനും അക്രമികൾ ശ്രമം നടത്തി. കാറിനു രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാർ തട്ടി വീണ അമീറിന്റെ കാൽ ഒടിഞ്ഞു. തൃക്കുന്നപ്പുഴ പോലീസ് എത്തി തെളിവുപ്പ് നടത്തി. ണ്ടാൽ അറിയാവുന്ന 11 പേർക്കെതിരെ കേസെടുത്തു.

Exit mobile version