പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഇഓഫീസ് സംവിധാനം നടപ്പാക്കിയത് അഴിമതി തുടച്ചു നീക്കുവാനും വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും സഹായകരമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം പി.എം.ജിയിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം ഓഫീസിൽ ഇഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എസ്റ്റിമേറ്റുകളും ബില്ലുകളും പ്രൈസ് സോഫ്റ്റ്വെയർ വഴിയാണ് ഇപ്പോൾ ലഭിക്കുന്നതെന്നും ഇഓഫീസ് സംവിധാനം വന്നതോടെ ഹൈടെക് മാതൃകയിലേക്ക് വകുപ്പ് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. 12 സർക്കിൾ ഓഫീസുകളിലും 68 ഡിവിഷൻ ഓഫീസുകളിലും കെസ്വാൻ നെറ്റ്‌വർക്ക് വഴിയും 206 സബ് ഡിവിഷൻ ഓഫീസുകളിലും 430 സെക്ഷൻ ഓഫീസുകളിലും വി.പി.എൻ നെറ്റ്വർക്ക് വഴിയും ഇഓഫീസ് സംവിധാനം നിലവിൽ വന്നതായി മന്ത്രി അറിയിച്ചു. ഫയലുകളുടെ നീക്കവും ഫയലുകളിൽ നടപടികൾ കൈകൊള്ളാൻ എത്ര സമയമെടുക്കുന്നു എന്നും ഇനി കൃത്യമായി അറിയാൻ സാധിക്കും. കാസർകോട് നിന്ന് ഒറ്റ ക്ലിക്കിലൂടെ ഫയലുകൾ തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഓഫീസുകളിൽ എത്തും. സമയനഷ്ടം ഒഴിവാക്കാനും വേഗത്തിൽ തീരുമാനങ്ങളെടുക്കാനും നടപടിക്രമങ്ങളിൽ പല തട്ടുകൾ ഒഴിവാക്കാനും ഇഓഫീസ് സംവിധാനത്തിലൂടെ സാധിക്കുമെന്നും ഇത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. താഴെത്തട്ട് വരെ ഇഓഫീസ് സംവിധാനം നടപ്പാക്കുന്ന ആദ്യത്തെ വകുപ്പാണ് പൊതുമരാമത്തെന്ന് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് പറഞ്ഞു. ജോയിന്റ് സെക്രട്ടറി സാംബശിവറാവു, ചീഫ് എൻജിനിയർ (ഭരണ വിഭാഗം) മധുമതി എന്നിവർ പങ്കെടുത്തു.
English Summary: The e‑office system will make the work of the Public Works Department more transparent: Minister Mohammad Riyaz
You may like this video also