എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അമിതാധികാര വിനിയോഗത്തിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ അതിരൂക്ഷവിമര്‍ശനം. വീടുകളിലോ ബിസിനസ് സ്ഥാപനങ്ങളിലോ പരിശോധനയും തെളിവ് ശേഖരണവും നടത്താനെത്തുമ്പോള്‍ പൂട്ടിയിട്ട നിലയിലാണെങ്കില്‍ അവിടം സീല്‍ ചെയ്യാന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന എന്ത് വ്യവസ്ഥയാണുള്ളതെന്ന് ജസ്റ്റിസ് എം എസ് രമേശ് ചോദിച്ചു. ഓരോ ദിവസവും ഇഡി ഉദ്യോഗസ്ഥര്‍ അധികാരം സ്വയം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതി പറഞ്ഞു.
ഇഡി എല്ലാ പരിധികളും ലംഘിക്കുകയാണെന്നും രാജ്യത്തെ ഫെഡറല്‍ ഘടനയെ പൂര്‍ണമായും മറികടക്കുകയാണെന്നും കഴിഞ്ഞ മാസം 23ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് നേതൃത്വം നല്‍കുന്ന സുപ്രീം കോടതി ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവ് ആകാശ് ഭാസ്കരനും സൃഹൃത്ത് വിക്രം രവീന്ദ്രനും സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസുമാരായ എം എസ് രമേശും വി ലക്ഷ്മി നാരായണനും അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ഒരു വ്യക്തി തന്റെ വീട്ടിലോ, ഓഫിസിലോ പ്രവേശിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് എവിടെ നിന്ന് അധികാരം ലഭിച്ചെന്ന് ജസ്റ്റിസ് ലക്ഷ്മി നാരായണന്‍ ചോദിച്ചു.

