ബിഹാറില്‍ നടപ്പാക്കുന്നതുപോലെ ഇന്ത്യയിലുടനീളം വോട്ടർ പട്ടികയുടെ സമഗ്ര പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറെടുക്കുന്നു. ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത വിദേശ കുടിയേറ്റക്കാർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കർശന നടപടി സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഈ നീക്കം പ്രാധാന്യമർഹിക്കുന്നു. ബിഹാറിൽ നടപ്പിലാക്കിയതുപോലെ അടുത്ത മാസം ഇന്ത്യ മുഴുവന്‍ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (പ്രത്യേക തീവ്ര പരിഷ്കരണം, എസ്‌ഐആർ) നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനങ്ങളിലുടനീളം സംവിധാനങ്ങൾ സജീവമാക്കി. സുപ്രീം കോടതി എസ്‌ഐആറിനെ ഭരണഘടനാപരമായ ഉത്തരവ് എന്ന് വിശേഷിപ്പിക്കുകയും ബിഹാറിൽ വോട്ടെടുപ്പ് പാനലിന് നടപടിക്രമങ്ങൾ തുടരാൻ അനുമതി നൽകുകയും ചെയ്തതിനെ തുടർന്നാണ് നീക്കം. നിരവധി പ്രതിപക്ഷ പാർട്ടികളും മറ്റുള്ളവരും പരിഷ്കരണത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഡൽഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറുടെ വെബ്‌സൈറ്റിൽ ദേശീയ തലസ്ഥാനത്ത് അവസാനമായി തീവ്രമായ പരിഷ്കരണം നടന്ന 2008 ലെ വോട്ടർമാരുടെ പട്ടികയുണ്ട്. ഉത്തരാഖണ്ഡിൽ, അവസാന എസ്‌ഐആർ 2006ലാണ് നടന്നത്. ആ വർഷത്തെ ഇലക്ടറൽ റോൾ ഇപ്പോൾ സംസ്ഥാന സിഇഒയുടെ വെബ്‌സൈറ്റിലുമുണ്ട്.
ബിഹാറില്‍ 2003 ലെ വോട്ടർ പട്ടികയാണ് തീവ്ര പരിഷ്കരണത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപയോഗിച്ചത്. സംസ്ഥാനങ്ങളിലെ അവസാന എസ്‌ഐആർ സമാനമായ രീതിയില്‍ കട്ട് ഓഫ് തീയതികളായി കണക്കാക്കും. മിക്ക സംസ്ഥാനങ്ങളും 2002 നും 2004 നും ഇടയിൽ വോട്ടർ പട്ടികയുടെ പരിഷ്കരണം നടത്തി. ജൂലൈ 28 ന് ബിഹാർ എസ്‌ഐആർ കേസ് വീണ്ടും സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതോടെ രാജ്യവ്യാപക നടപടിക്രമങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന. വിദേശ അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതിനെന്ന പേരില്‍ ജനന സ്ഥലം പരിശോധിച്ച് വോട്ടർ പട്ടികയുടെ വിശദമായ അവലോകനം നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. ബിഹാറിൽ ഈ വർഷം വോട്ടെടുപ്പ് നടക്കും. 2026 ൽ അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കേണ്ടതുണ്ട്.
കള്ളക്കണക്കുകളെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
ബിഹാറില്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 80 ശതമാനം പേരും അപേക്ഷ നല്‍കിയെന്ന തെരഞ്ഞടുപ്പ് കമ്മിഷന്റെ വാദം അടിസ്ഥാന രഹിതമെന്ന് പ്രതിപക്ഷം. എത്ര പേര്‍ രേഖകള്‍ സഹിതം അപേക്ഷകള്‍ അപ് ലോഡ് ചെയ്തുവെന്ന കണക്കുകള്‍ കമ്മിഷന്‍ മറച്ചുവയ്ക്കുന്നതായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. കുടിയേറ്റ തൊഴിലാളികളുടെയും ദരിദ്ര ജനങ്ങളുടെയും അവകാശങ്ങള്‍ നിഷേധിക്കുക എന്നതാണ് നീക്കത്തിന് പിന്നില്‍. പൗരത്വം നിർണയിക്കാൻ കമ്മിഷന് അധികാരമില്ലെന്നും നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വ്യാജമായി ഫോമുകള്‍ അപ് ലോഡ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയെന്ന് കമ്മിഷന്‍
ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ നിരവധി ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍ പൗരന്മാരെ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അവകാശപ്പെട്ടു. പരിശോധനയ്ക്ക് ശേഷം ഇവരെ പട്ടികയില്‍ നിന്നും പുറത്താക്കുമെന്നും അറിയിച്ചു.
ജൂൺ 24വരെയുള്ള വോട്ടര്‍ പട്ടികയാണ് ബിഎൽഒമാർ പരിശോധിച്ചതെന്നും സെപ്റ്റംബര്‍ 30ന് പ്രസിദ്ധീകരിക്കുന്ന അന്തിമപട്ടികയില്‍ ഇവരുടെ പേരുകൾ ഉണ്ടായിരിക്കില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. അതേസമയം വോട്ടർ പട്ടികയിൽ എത്രപേരുണ്ടെന്ന് കമ്മിഷൻ വെളിപ്പെടുത്തിയില്ല. ബിഹാറിൽ ഏകദേശം 7.89 കോടി വോട്ടർമാരുണ്ടെന്നാണ് കണക്ക്.

