Site icon Janayugom Online

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വൈകാന്‍ സാധ്യത

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുവാന്‍ വിമുഖത കാട്ടുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പ്രസിഡന്‍റ്സ്ഥാനത്തേക്കുള്ള തിര‍ഞ്ഞെടുപ്പ് വൈകുവാന്‍ സാധ്യത. അടുത്തമാസം 21ന് പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുമെന്നായിരുന്നു നേരത്തെ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ തിയ്യതിയില്‍ മാറ്റം വന്നിരിക്കുന്നു. ഒരു മാസം കൂടി അധികം കാത്തിരിക്കേണ്ടി വരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗാന്ധി കുടുംബത്തിന്റെ നിസ്സഹകരണമാണ് ഈ തിയ്യതി മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച പ്രവര്‍ത്തക സമിതി യോഗം ചേരും. ഗാന്ധി കുടുംബം അമേരിക്കയിലേക്കും ശേഷം സോണിയ ഗാന്ധിയുടെ അമ്മയെ കാണാന്‍ ഇറ്റലിയിലേക്കും പോകുമ്പോഴാണ് പ്രവര്‍ത്തക സമിതി യോഗം.രാഹുല്‍ ഗാന്ധി ദേശീയ പ്രസിഡന്റാകണം എന്നാണ് വലിയൊരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. വിമത നേതാക്കള്‍ ഒഴികെയുള്ള നേതാക്കളും ഇതേ ആവശ്യം ഉന്നയിക്കുന്നു.

എന്നാല്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ അഭ്യര്‍ഥന നിരസിച്ചിരിക്കുകയാണ്. ഇവരുടെ മനംമാറുന്നതിനാണ് തിയ്യതി മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകളിലെ സൂചന. പുതിയ പ്രസിഡന്റ് സെപ്തംബര്‍ 21ന് മുമ്പായി ചുമതലയേല്‍ക്കുമെന്നാണ് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. ദീപാവലിക്ക് മുമ്പ് ചുമതലയേല്‍ക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഒക്ടോബര്‍ 24ന് മുമ്പായി പുതിയ പ്രസിഡന്റിനെ കണ്ടെത്താനാണ് തീരുമാനം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു മാസം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.ഒട്ടേറെ ആഘോഷങ്ങള്‍ വരാനിരിക്കുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തിയ്യതി മാറ്റത്തിന് പറയുന്ന ഒരു കാരണം. രാഹുല്‍ ഗാന്ധിയുടെ മനംമാറുമോ എന്നറിയാനാണ് കാത്തിരിപ്പ് എന്നും ചില നേതാക്കള്‍ സൂചിപ്പിക്കുന്നു.

പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി ഈ മാസം 28ന് യോഗം ചേരും. സോണിയ ഗാന്ധി ചികില്‍സാവശ്യാര്‍ഥം വിദേശത്തേക്ക് പോകുകയാണ്. അമേരിക്കയിലാണ് സോണിയ ചികില്‍സ നടത്തിവരുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പം പോകുന്നുണ്ട്. ശേഷം അവര്‍ ഇറ്റലിയും സന്ദര്‍ശിക്കും. സോണിയ ഗാന്ധിയുടെ മാതാവ് അസുഖ ബാധിതയാണ്. അവരെ സന്ദര്‍ശിക്കാനാണ് ഇറ്റലിയിലേക്ക് പോകുന്നത്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈനിലാകും ഇവര്‍ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കുക. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇനിയും അധ്യക്ഷയാകാന്‍ ഇല്ല എന്ന് സോണിയ ഗാന്ധി പറയുന്നത്. രാഹുല്‍ ഗാന്ധി ചുമതല ഏറ്റെടുക്കില്ല എന്ന തീരുമാനത്തിലാണ്.

പ്രിയങ്ക ഗാന്ധി അധ്യക്ഷയാകേണ്ടെന്നും രാഹുല്‍ പറയുന്നു. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പാര്‍ട്ടി ചുമതല പ്രിയങ്ക ഏറ്റെടുത്തിരുന്നു എങ്കിലും വലിയ പരാജയമാണ് നേരിട്ടത്. ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് പുതിയ പ്രസിഡന്റ് വരട്ടെ എന്ന് രാഹുല്‍ നിര്‍ദേശിക്കുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ പേരാണ് ശേഷം ഉയര്‍ന്നു കേള്‍ക്കുന്നത്. സോണിയ ഗാന്ധി വിളിപ്പിച്ചതു പ്രകാരം ഗെഹ്ലോട്ട് ഡല്‍ഹിയിലെത്തി സോണിയയുമായും രാഹുലുമായും ചര്‍ച്ച നടത്തുകയും ചെയ്തു. രാഹുല്‍ അധ്യക്ഷനാകണം എന്നാണ് പ്രവര്‍ത്തകരുടെ വികാരം എന്ന് ഗലോട്ട് ആവര്‍ത്തിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഒരു മാസം കൂടി കാത്തിരിക്കാമെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയതത്രെ. പാര്‍ട്ടിയുടെ അധ്യക്ഷ പദവിയുള്ളതിനാല്‍ ഗാന്ധി കുടുംബം ഏറെ പഴി കേള്‍ക്കുന്നു എന്ന് രാഹുല്‍ ഗാന്ധിക്ക് അഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യുന്ന സാഹചര്യവുമുണ്ടായി. മാത്രമല്ല, ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും രാജിവച്ചതും തിരിച്ചടിയായി.

ഈ പ്രതിസന്ധിയില്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന ചോദ്യം ബാക്കിയാണ്. ആരും കൂടെയില്ലെങ്കിലും നരേന്ദ്ര മോഡി സര്‍ക്കാരിനെതിരായ പോരാട്ടം ഒറ്റയ്ക്ക് തുടരുമെന്നാണ് രാഹുല്‍ പറഞ്ഞത്. അദ്ദേഹം നയിക്കുന്ന ദേശീയ യാത്ര കന്യാകുമാരിയില്‍ നിന്ന് തുടങ്ങാനിരിക്കുകയാണ്.

The elec­tion for the post of Con­gress Pres­i­dent is like­ly to be delayed

you may also like this video:

Exit mobile version