Site iconSite icon Janayugom Online

വൈദ്യുതി (ഭേദഗതി) ബില്‍ 2025 കര്‍ഷക വിരുദ്ധം

മോഡി സര്‍ക്കാരിന്റെ വൈദ്യുതി (ഭേദഗതി) ബില്‍ 2025 കര്‍ഷകവിരുദ്ധവും ഉപഭോക്തൃ വിരുദ്ധവും ജീവനക്കാരെ ബാധിക്കുന്നതുമാണ് എന്നാരോപിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. വൈദ്യുതി ജീവനക്കാര്‍, എന്‍ജിനീയര്‍മാര്‍, കര്‍ഷകര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ ഇതിനെതിരെ ഒരേ നിലപാടിലെത്തിയിരിക്കുന്നു.

നവംബര്‍ മൂന്നിന് മുംബൈയില്‍ നടന്ന നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എന്‍ജിനീയേഴ്സ് (എന്‍സിസിഒഇഇഎ) യോഗം, സര്‍ക്കാര്‍ തങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍, ബില്ലിനും വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനുമെതിരെ 2.7 ദശലക്ഷം വൈദ്യുതി ജീവനക്കാരും എന്‍ജിനീയര്‍മാരും രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇതിനായി വൈദ്യുതി ജീവനക്കാരുടെയും സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും അഖിലേന്ത്യാ ട്രേഡ് യൂണിയനുകളുടെയും ഉപഭോക്താക്കളുടെയും നേതാക്കളുടെ ഒരു മുന്നണി രൂപീകരിക്കും.

നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലും എന്‍സിസിഒഇഇഎയുടെ സംസ്ഥാനതല സംയുക്ത കണ്‍വെന്‍ഷനുകള്‍ നടക്കും; 2026 ജനുവരി 30ന് ‘ഡല്‍ഹി ചലോ‘യ്ക്ക് ആഹ്വാനം ചെയ്യും. ദേശീയ കമ്മിറ്റിയുടെ തീരുമാനങ്ങളനുസരിച്ച് ഓള്‍ ഹരിയാന പവര്‍ കോര്‍പറേഷന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഈ മാസം അഞ്ചിന് റോഹ്തക്കില്‍ ബില്ലിനെതിരെ ഒരു സംസ്ഥാന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കേന്ദ്രം ജീവനക്കാരുടെ ആവശ്യങ്ങള്‍ അവഗണിക്കുകയും സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെന്ന് പവര്‍ കോര്‍പറേഷന്‍ മാനേജ്മെന്റ് ആരോപിച്ചു. 26 ന് പഞ്ച്കുള എസിഎസ് പവര്‍ ആസ്ഥാനത്ത് പ്രതിഷേധിക്കുമെന്നും പ്രഖ്യാപിച്ചു.

എന്തുകൊണ്ടാണ് ബില്ലിനെ എന്‍സിസിഒഇഇഎ എതിര്‍ക്കുന്നത്, ബില്‍ നിലവിലെ സാഹചര്യത്തെ എങ്ങനെ ബാധിക്കും തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. വൈദ്യുതി (ഭേദഗതി) ബില്‍ വഴി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ ഊര്‍ജ മേഖലയും സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍സിസിഒഇഇഎ കണ്‍വീനര്‍ സുദീപ് ദത്ത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്വകാര്യവല്‍ക്കരണത്തോടെ വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയരും. അത് കര്‍ഷകര്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കും അപ്രാപ്യമാകും.
ശൈലേന്ദ്ര ദുബെ, മോഹന്‍ ശര്‍മ്മ, കണ്‍വീനര്‍ സുദീപ് ദത്ത, കൃഷ്ണ ഭോയാര്‍, രത്നാകര്‍ റാവു, സഞ്ജയ് താക്കൂര്‍, ലക്ഷ്മണ്‍ റാത്തോഡ് എന്നീ നേതാക്കള്‍, ബില്‍ എങ്ങനെയാണ് നെഗറ്റീവ് സ്വാധീനം ചെലുത്തുകയെന്ന് വിശദീകരിച്ചു. ‘ഭേദഗതി ബില്ലിലെ 14, 42, 43 വകുപ്പുകള്‍ വഴി, സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വിതരണ കമ്പനികളുടെ ശൃംഖല ഉപയോഗിച്ച് വൈദ്യുതി വിതരണം ചെയ്യാനുള്ള അവകാശം ലഭിക്കും. ഇതിന് നാമമാത്രമായ വിതരണ ചാര്‍ജ് മാത്രമേ നല്‍കേണ്ടതുള്ളൂ. ഇത് സര്‍ക്കാര്‍ മേഖലയിലെ വൈദ്യുതി വിതരണം അവസാനിക്കുന്നതിന്റെ തുടക്കമാകുമെന്ന് എന്‍സിസിഒഇഇഎ ഭയപ്പെടുന്നു.
ശൃംഖലയുടെ പരിപാലനത്തിനും ശക്തിപ്പെടുത്തലിനുമുള്ള മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാര്‍ വിതരണ കമ്പനികള്‍ക്കായിരിക്കും. ഇതിന്റെ സാമ്പത്തിക ഭാരവും സര്‍ക്കാര്‍ കോര്‍പറേഷനുകളുടെ മേല്‍ വരും. സ്വകാര്യ കമ്പനികള്‍ക്ക് ഈ ശൃംഖലയിലൂടെ വന്‍തോതില്‍ പണം സമ്പാദിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും. ഭേദഗതി ബില്‍ പ്രകാരം, സ്വകാര്യ കമ്പനികള്‍ക്ക് തടസമില്ലാത്ത വൈദ്യുതി വിതരണത്തിന് ബാധ്യതയുണ്ടാകില്ല. ലാഭകരമായ വ്യാവസായിക, വാണിജ്യ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിന് സ്വകാര്യ കമ്പനികള്‍ സര്‍ക്കാര്‍ ശൃംഖല ഉപയോഗിക്കുമെന്നതായിരിക്കും ഫലം.

അതേസമയം കര്‍ഷകര്‍ക്കും ദരിദ്രരായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ വൈദ്യുതി കോര്‍പറേഷനുകളില്‍ തന്നെ തുടരും. തല്‍ഫലമായി, സര്‍ക്കാര്‍ കമ്പനികള്‍ പാപ്പരാകും. വൈദ്യുതി വാങ്ങാനോ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ പോലും പണമുണ്ടാകില്ല.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്രോസ് — സബ്‌സിഡി ഇല്ലാതാക്കുന്നതിനായി സെക്ഷന്‍ 61(ജി) ഭേദഗതി ചെയ്യാന്‍ ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് എന്‍സിസിഒഇഇഎ പറഞ്ഞു. ഇതോടൊപ്പം, വൈദ്യുതി താരിഫുകള്‍ ചെലവ് പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. അതായത് ഒരു ഉപഭോക്താവിനും ചെലവിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കരുത്. ഇതിനര്‍ത്ഥം കര്‍ഷകരുള്‍പ്പെടെ കൂടിയ നിരക്ക് നല്‍കേണ്ടിവരും എന്നാണ്. അതായത്, 6.5 കുതിരശക്തിയുള്ള പമ്പ് ഒരു ദിവസം ആറ് മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്ന കര്‍ഷകര്‍ പ്രതിമാസം കുറഞ്ഞത് 12,000 രൂപ വൈദ്യുതി ബില്ലായി നല്‍കേണ്ടി വരും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കള്‍ക്കുള്ള നിരക്ക് യൂണിറ്റിന് കുറഞ്ഞത് 10, 12 രൂപയായി മാറും. കൂടാതെ, വിര്‍ച്വല്‍ പവര്‍ മാര്‍ക്കറ്റുകളും മാര്‍ക്കറ്റ് അധിഷ്ഠിത വ്യാപാര സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കാനും ബില്‍ നിര്‍ദേശിക്കുന്നു. ഇത് ദീര്‍ഘകാല കരാറുകളെ അസ്ഥിരപ്പെടുത്തുകയും വൈദ്യുതി ചെലവ് കൂടുതല്‍ അസ്ഥിരമാക്കുകയും ചെയ്യും.

ബില്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്കും എതിരാണ്. നിലവില്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ കണ്‍കറന്റ് ലിസ്റ്റിലാണ് വൈദ്യുതി ഉള്‍പ്പെടുത്തിയിട്ടുള്ളത്. വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ അവകാശങ്ങളുണ്ടെന്നാണ് ഇതിനര്‍ത്ഥം. എന്നാല്‍ ഭേദഗതി ബില്ലിലൂടെ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. കൂടാതെ വൈദ്യുതി വിതരണത്തിലും താരിഫ് നിര്‍ണയത്തിലും കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലും ഉണ്ടാകും. ഇത് ഭരണഘടനയുടെ ആത്മാവിനും ഫെഡറല്‍ ഘടനയ്ക്കും എതിരാണ്.
കര്‍ഷക യൂണിയനുകളും ബില്ലിനെതിരെ സമരത്തിനിറങ്ങിയിട്ടുണ്ട്. റോഹ്തക്കില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ വൈസ് പ്രസിഡന്റ് ഇന്ദര്‍ജീത് സിങ് വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിനായി കൊണ്ടുവരുന്ന ഭേദഗതി ബില്ലിനെയും സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിനെയും കര്‍ഷകര്‍ ശക്തമായി എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചു.

പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ പഞ്ചാബിലെ ഭാരതീയ കിസാന്‍ യൂണിയന്‍ ഏക്താ ദകോണ്ടയും മുന്നോട്ടുവന്നിട്ടുണ്ട്. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിച്ചുകൊണ്ട്, കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി ഭേദഗതി ബില്‍-2025 കൊണ്ടുവരുകയാണെന്നും ഇത് വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കാനുള്ള തന്ത്രമാണെന്നും കിസാന്‍ യൂണിയന്‍ സംസ്ഥാന പ്രസ് സെക്രട്ടറി ആംഗ്രെസ് സിങ് ബദൗര്‍ അറിയിച്ചു.

സംയുക്ത കിസാന്‍ മോര്‍ച്ച, ഈ മാസം 26ന് ചണ്ഡീഗഢിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഇതിനായി കൃത്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി 17ന് കിസാന്‍ ഭവനില്‍ യോഗം ചേരുമെന്നും ബദൗര്‍ പറഞ്ഞു. വൈദ്യുതി ഭേദഗതി ബില്‍ റദ്ദാക്കണമെന്നതാണ് മാര്‍ച്ചിന്റെ പ്രധാന ആവശ്യം.
ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഒരിക്കലും ഇത്ര കര്‍ക്കശമാകരുത്. 700ലധികം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന് റദ്ദാക്കേണ്ടി വരുകയും ചെയ്ത മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ 13 മാസം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭം എപ്പോഴും മനസിലുണ്ടാകണമെന്നും കര്‍ഷക നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.

Exit mobile version