Site iconSite icon Janayugom Online

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകരാറിലായി; മിസോറാം മുഖ്യമന്ത്രി വോട്ട് ചെയ്യാനാകാതെ മടങ്ങി

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകരാറിലായതോടെ വോട്ട് ചെയ്യാനാകാതെ മടങ്ങി മിസോറാം മുഖ്യമന്ത്രി സോറാംതംഗ. ഐസ്‌വാള്‍ നോര്‍ത്ത്-II മണ്ഡലത്തിന് കീഴിലുള്ള 19-ഐസ്‌വാള്‍ വെംഗ്ലായ്-I വൈ.എം.എ ഹാള്‍ പോളിങ് സ്റ്റേഷനിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. 

തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കുമെന്നും ഒരു യോഗത്തിന് ശേഷം വീണ്ടും വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് സ്റ്റേഷനില്‍ തിരിച്ചെത്തുമെന്നും പറഞ്ഞാണ് മിസോ നാഷണല്‍ ഫ്രണ്ടിന്റെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിയുടെ മടക്കം. വോട്ടിങ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല. ഞാന്‍ കുറച്ച് സമയമായി കാത്തിരിക്കുകയായിരുന്നു. എന്റെ നിയോജക മണ്ഡലം സന്ദര്‍ശിച്ചതിന് ശേഷം ഞാന്‍ വീണ്ടും വോട്ട് ചെയ്യാനെത്തമെന്ന് സോറംതംഗ പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ 21 സീറ്റുകള്‍ വേണം. തങ്ങള്‍ക്ക് 21ലകം സീറ്റുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

40 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും സോറം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മിലാണ് മത്സരം. മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും സോറം പീപ്പിള്‍സ് മൂവ്‌മെന്റും 40 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. ബിജെപി 23 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി നാല് സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.

Eng­lish Summary:The elec­tron­ic vot­ing machine was bro­ken; Mizo­ram CM returned unable to vote
You may also like this video

Exit mobile version