Site iconSite icon Janayugom Online

ഇമെയില്‍ തെറ്റി അയച്ചു; ആമസോണിലെ കൂട്ടപ്പിരിച്ചുവിടല്‍ പാളി

ഇ മെയില്‍ അയയ്ക്കുന്നതില്‍ വന്ന പിഴവിനെ തുടര്‍ന്ന് ആമസോണിലെ കൂട്ടപ്പിരിച്ചുവിടല്‍ പാളി. ചൊവ്വാഴ്ചയാണ് യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ടോപ് എക്സിക്യൂട്ടീവിന്റെ ക്ഷണക്കത്ത് ആമസോണ്‍ വെബ് സര്‍വീസെസ് (എഡബ്ല്യുഎസ്) ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇതിനൊപ്പമാണ് കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച സന്ദേശവുമുണ്ടായിരുന്നത്. മേല്‍ പറഞ്ഞ യോഗം റദ്ദാക്കിയതായി വീണ്ടും അറിയിപ്പ് നല്‍കുകയായിരുന്നു.
പ്രോജക്ട് ഡോണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പുനഃസംഘടനാ പദ്ധതിയനുസരിച്ച് ആയിരക്കണക്കിന് കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. പിരിച്ചുവിടല്‍ നടപടികള്‍ക്ക് മുന്നോടിയായി എഡബ്ല്യുഎസ് അപ്ലൈഡ് എഐ സൊല്യൂഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് കോലീന്‍ ഓബ്രി ഒപ്പിട്ട ഇമെയിലാണ് അബദ്ധത്തില്‍ ചോര്‍ന്നത്.
അമേരിക്ക, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ബാധിക്കപ്പെട്ട ജീവനക്കാരെ ഇതിനകം വിവരം അറിയിച്ചതായി ഇമെയിലില്‍ പറയുന്നുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ കമ്പനി ഔദ്യോഗികമായി അറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയിരുന്നില്ല.
കമ്പനിയുടെ ഭാവി വിജയത്തിനായി കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നുവെന്നും ഇത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കോലീന്‍ ഓബ്രിയുടെ ഇ‑മെയില്‍ സന്ദേശത്തില്‍ പറയുന്നു. എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും വിപണിയിലെ മാറ്റങ്ങളും കണക്കിലെടുത്ത് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാണ് നീക്കമെന്നും സന്ദേശത്തില്‍ പറയുന്നുയ
പ്രഖ്യാപിക്കാനിരിക്കുന്ന പിരിച്ചുവിടലില്‍ എത്രപേര്‍ക്ക് ജോലി നഷ്ടമാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇ മെയില്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആമസോണ്‍ തയ്യാറായിട്ടില്ല. 

Exit mobile version