കോന്നി മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ഇന്നു മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായി മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
24 മണിക്കൂര്‍ ഫാര്‍മസി, ലാബ് എന്നീ സൗകര്യങ്ങളും ആരംഭിക്കും. അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് സൗകര്യവും പ്രവര്‍ത്തന സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പാരിസ്ഥിതിക അനുമതി വ്യവസ്ഥകളോടെ ലഭിച്ചു. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ 2022–23 അധ്യയന വര്‍ഷത്തേക്കുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. അതിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഇവിടെ നടന്നുവരുന്നു. അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 15 ദിവസത്തിനകം പൂര്‍ത്തിയാക്കും. കൂടാതെ അത്യാഹിത വിഭാഗം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടമായി നിലവിലുള്ള സൗകര്യങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിയാണ് അത്യാഹിത വിഭാഗം ആരംഭിക്കുന്നത്.
ഓപ്പറേഷന്‍ തീയറ്റര്‍, ഐ.സി.യു തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. രക്ത ബാങ്ക് ഉള്‍പ്പടെയുള്ള മറ്റു ക്രമീകരണങ്ങളും ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇവയെല്ലാം സജീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജനറല്‍ മെഡിസിന്‍, സര്‍ജറി, അസ്ഥിരോഗം, ശിശുരോഗം തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സേവനമാണ് അത്യാഹിത വിഭാഗത്തില്‍ ആരംഭിക്കുന്നത്. അടിയന്തിര ശസ്ത്രക്രിയകള്‍, അസ്ഥിരോഗ വിഭാഗത്തിലെ ശസ്ത്രക്രിയകള്‍, ഹൃദയാഘാതം, പക്ഷാഘാതം, പ്രസവസംബന്ധമായ ചികിത്സകള്‍ തുടങ്ങിയ രോഗികള്‍ എത്തിച്ചേര്‍ന്നാല്‍ പ്രാഥമിക ചികിത്സ മാത്രമേ തല്ക്കാലം ലഭ്യമാകുകയുള്ളു. സര്‍ജറി പോലുള്ള ചികിത്സകള്‍ ലഭ്യമാക്കാന്‍ സൗകര്യമില്ലാത്തതുമൂലമാണിത്. കിടത്തി ചികിത്സ ഉള്‍പ്പടെ മറ്റു ചികിത്സ ആവശ്യമുള്ള രോഗികള്‍ക്കെല്ലാം നിലവില്‍ ആരംഭിക്കുന്ന അത്യാഹിത വിഭാഗത്തില്‍ നിന്നും മികച്ച ചികിത്സ ഉറപ്പാക്കാനാകും.
എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറി, ഫാര്‍മസി തുടങ്ങിയവയെല്ലാം ഇപ്പോള്‍ ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ ഡോക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ച ശേഷം കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ അവരെയും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
അത്യാഹിത വിഭാഗം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ മന്ത്രിയും, അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എയും, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും മെഡിക്കല്‍ കോളജിലെത്തി വിലയിരുത്തി. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു
അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത്
അംഗം വര്‍ഗീസ് ബേബി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേശ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍, പഞ്ചായത്ത് അംഗങ്ങളായ ഷീബ സുധീര്‍, വി ശ്രീകുമാര്‍, എന്‍എച്ച്എം ഡിപിഎം ഡോ.ശ്രീകുമാര്‍, ആശുപത്രി സൂപ്രണ്ട് സി വി രാജേന്ദ്രന്‍, നഴ്‌സിംഗ് സൂപ്രണ്ട് ബെറ്റി ആന്റണി, ഫിസിയോളജി എച്ച്ഒഡി ഡോക്ടര്‍ ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.
english summary : The emergency department at Konni Medical College will start from today: Minister Veena George
you may also like this video