അരുണാചല്‍ പ്രദേശില്‍ പുതിയതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സിയാങ് ഡാമിനെതിരെ വ്യാപക പ്രതിഷേധം. പാരിസ്ഥിത ആഘാത രൂക്ഷമാകുന്നതിനൊപ്പം പരമ്പരാഗതമായി കൈമാറി വന്ന കൃഷിയിടങ്ങളും വീടുകളും നഷ്ടമാകുമെന്ന് കാണിച്ച് മൂന്ന് ഗ്രാമങ്ങളിലെ ജനങ്ങളാണ് പ്രതിഷേധം നടത്തുന്നത്. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് സിയാങ് പരമ്പാരഗത കര്‍ഷക ഫോറം കത്തയച്ചിരിക്കുകയാണ്. ഗേഗു ഗ്രാമത്തിലെ അപ്പര്‍ സിയാങ്ങിലാണ് സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ് പ്രോജക്ട് നടപ്പാക്കുന്നത്. ഈ ജലവൈദ്യുത പദ്ധതി വഴി 12,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് പദ്ധതി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്റെ (എന്‍എച്ച്പിസി) മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം.
പാരമ്പര്യമായി കൈമാറിവന്ന കൃഷി ഭൂമി നഷ്ടപ്പെടുന്നത് ജനങ്ങളുടെ ജീവീതം ദുരിതപൂര്‍ണമാക്കും. ഡാം പൂര്‍ത്തിയാകുന്നതോടെ ഹെക്ടര്‍ കണക്കിന് കൃഷിഭൂമി വെള്ളത്തിനടിയിലാകും. മുഖ്യമന്ത്രി അടക്കമുള്ളവര്‍ യഥാര്‍ത്ഥ വസ്തുത മറച്ച് വച്ച് ജനങ്ങളെ കബളിപ്പിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഡാം നിര്‍മ്മാണത്തിന് മുമ്പ് നടത്തുന്ന പ്രീ- ഫിസിബിലിറ്റി റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത് പോലെ സുതാര്യമായല്ല പദ്ധതി നിര്‍മ്മാണം മുന്നോട്ട് നീങ്ങുന്നത്. റിഗയിലെ ഗ്രാമവാസികൾ സമ്മതം നൽകിയതായി മുഖ്യമന്ത്രി പേമ ഖണ്ഡു തന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ നടത്തിയ അവകാശവാദങ്ങൾ വസ്തുതാപരമായി തെറ്റാണ് ഗ്രാമവാസികള്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ഗ്രാമ, ഗോത്ര കൗൺസിൽ ഡാം നിര്‍മ്മാണത്തിന് അനുമതി നൽകിയിട്ടില്ലെന്നും ബന്ധപ്പെട്ട ഏതെങ്കിലും അധികാരി ഗ്രാമത്തിൽ ഒരു പൊതുയോഗവും നടത്തിയിട്ടില്ലെന്നും കത്തിൽ പറയുന്നു. കേന്ദ്ര സായുധസേനയെ വിന്യസിച്ച് ജനകീയ പ്രതിഷേധം അടിച്ചമര്‍ത്തി പദ്ധതി ആരംഭിക്കനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദിവാസി ഗോത്രവിഭാഗം അധിവസിക്കുന്ന മേഖലയിലാണ് ഡാം നിര്‍മ്മിക്കാന്‍ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഡാമിനെതിരെയുള്ള പ്രതിഷേധം പദ്ധതി റദ്ദാക്കുന്നത് വരെ തുടരുമെന്നും പ്രദേശവാസികള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

