Site iconSite icon Janayugom Online

സ്ത്രീപക്ഷ സിനിമകളുടെ കാലം

കഴിഞ്ഞ കുറെ നാളുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് സ്‌ത്രീകളും സ്‌ത്രീപക്ഷ നിലപാടുകളുമായിരുന്നു . യാദൃശ്ചികമാകാം , ഈ കാലത്ത് മലയാളത്തിലെ ഹിറ്റുകളിൽ പലതിലും കേന്ദ്ര കഥാപാത്രമായി വന്നതും സ്‌ത്രീകൾ തന്നെ. നായക കേന്ദ്രീകൃതമായ സിനിമകൾ മാത്രമേ ബോക്സോഫിസ് പിടിച്ചടക്കുവെന്ന സങ്കല്പം മാറ്റിമറിച്ച് സ്‌ത്രീപക്ഷ സിനിമകളും മലയാളത്തിൽ ഇടംപിടിക്കുകയാണ്. അടുത്തകാലത്തിറങ്ങിയ സൂക്ഷ്മദർശിനി, ബൊഗയ്ൻ വില്ല, മന്ദാകിനി, കിഷ്‌കിന്ധാകാണ്ഡം, ഉള്ളൊഴുക്ക് തുടങ്ങിയവ മലയാള സിനിമയുടെ തലവര മാറ്റിയപ്പോൾ ഇവയ്ക്കെല്ലാം മറ്റൊരു സവിശേഷതയുമുണ്ട്. സ്‌ത്രീകൾ മുഖ്യകഥാപാത്രങ്ങളായി മാറി . ഇതിൽ സൂക്ഷ്മദർശിനിയും ബൊഗയ്ൻ വില്ലയും നസ്രിയ നസീമിന്റെയും ജ്യോതിർമയിയുടെയും ശക്തമായ തിരിച്ചുവരവിനും കളമൊരുക്കി .

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്നത് നായക കഥാപാത്രങ്ങളാണ് . തിയേറ്റർ ബിസിനസും ഇനിഷ്യൽ കളക്ഷനും സാറ്റലൈറ്റ്, ഒടിടി ബിസിനസുമെല്ലാം ഇവരെ കേന്ദ്രീകരിച്ചാണ് . നമ്മുടെ പുരാണ കഥകൾ മുതലേ ആരംഭിച്ച നായക വീരാരാധന ക്രമേണ സിനിമയെയും കീഴ്‌പ്പെടുത്തിയപ്പോൾ അതൊരു പതിവ് ശൈലിയായി പരുവപ്പെട്ടു. സ്‌ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം ഉണ്ടായിരുന്ന നിരവധി സിനിമകൾ മുമ്പും മലയാളത്തിൽ ഉണ്ടായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് , കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, പഞ്ചാഗ്നി, ദേശാടന കിളി കരയാറില്ല അങ്ങനെ പലതും. എന്നാൽ മുഴുവൻ പ്രേക്ഷകരെയും ആകർഷിക്കുന്ന വിധമാണ് ഇന്ന് വാണിജ്യ ചേരുവകളോടെ സ്‌ത്രീപക്ഷ സിനിമകളൊരുങ്ങുന്നത്. സംവിധായകരും തിരക്കഥാകൃത്തുക്കളും എത്ര പരിശ്രമിച്ചാലും സ്‌ത്രീപക്ഷ സിനിമകൾക്ക് പണം മുടക്കുവാൻ നിർമ്മാതാക്കൾ തയ്യാറാകാതിരിക്കുന്ന കാലവും വിദൂരമല്ല. എന്നാൽ ഇത്തരം പ്രതിസന്ധികൾക്കിടയിലാണ് ഇപ്പോൾ കുറവാണെങ്കിലും സ്‌ത്രീകേന്ദ്രികൃത സിനിമകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്. സൂപ്പർഹിറ്റ് സിനിമകളിൽ നിന്നും സ്‌ത്രീകളെ ഒഴിവാക്കിയ കാലവും മലയാളത്തിനുണ്ടായിരുന്നു . ആൺ ജീവിതാഘോഷങ്ങളുടെ സമ്പൂർണ പകർന്നാട്ടമായി സിനിമകൾ മാറിയപ്പോൾ സ്‌ത്രീകഥാപാത്രങ്ങൾ മിനിറ്റുകളിലൊതുങ്ങി. അത്തരം പല സിനിമകളും വാണിജ്യ വിജയവും നേടി. സാറ്റലൈറ്റ് വാല്യു ഇല്ലാത്ത നായക നടന്മാരെ ഉൾപ്പെടുത്താതെ സ്‌ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള സിനിമകൾ ചെയ്യുവാൻ നിർമ്മാതാക്കൾ ധൈര്യം കാണിക്കാതിരുന്ന ഒരു ഭൂതകാലവും മലയാള സിനിമയ്ക്കുണ്ട്. കമൽ സംവിധാനം ചെയ്‌ത പെരുമഴക്കാലത്തിൽ ദിലീപായിരുന്നു നായകനെങ്കിലും കാവ്യാ മാധവനും മീരാ ജാസ്‌മിനും തകർത്താടി. സ്‌ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഒരു സിനിമയായിട്ട് പോലും ദിലീപിനെ പോലെയൊരു സൂപ്പർ താരത്തിന്റെ സാന്നിധ്യം അനിവാര്യമായിരുന്നു. എന്നാൽ മികച്ച സിനിമയായിട്ട് പോലും ബോക്സോഫിസിൽ ചലനമുണ്ടാക്കാൻ ആ ചിത്രത്തിന് കഴിഞ്ഞില്ല . മഞ്ജുവാര്യരെ ലേഡി സൂപ്പർ സ്റ്റാറാക്കി ഉയർത്തിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ . മഞ്ജുവാര്യരുടെ ഭർത്താവായി വേഷമിട്ട കുഞ്ചാക്കോ ബോബന് പ്രാധാന്യം കുറവായിരുന്നിട്ടും സിനിമ വിജയമായി. മലയാള സിനിമയുടെ ശൈശവ ദശയിൽ സ്‌ത്രീ കഥാപാത്രങ്ങൾക്ക് മുൻതൂക്കമുള്ള നിരവധി സിനിമകൾ പുറത്തിറങ്ങിയിരുന്നു. തുലാഭാരവും അധ്യാപികയും അഴകുള്ള സെലീനയിലുമെല്ലാം നിറഞ്ഞു നിന്നത് നായികാ കഥാപാത്രങ്ങൾ തന്നെ . എന്നാൽ തിയേറ്ററുകളിൽ ആളുകളെ നിറച്ച ഈ സിനിമകളിൽ വിപണി മൂല്യമുള്ള നസീറും സത്യനും മധുവുമെല്ലാം ഭാഗമായിരുന്നു .

നായകനും നായികയ്ക്കും തുല്യപ്രാധാന്യത്തോടെയാണ് ആദ്യകാലത്തെ മലയാള സിനിമകൾ അവതരിപ്പിച്ചത്. 1951ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രമായ ജീവിത നൗക അത്തരത്തിലൊന്നായിരുന്നു. സിനിമയുടെ നായകൻ തിക്കുറിശിയുടെ ചിത്രമില്ലാതെ നായിക കാഥാപാത്രത്തെ അവതരിപ്പിച്ച ബി എസ് സരോജയുടെ മുഖചിത്രത്തോടെയാണ് പോസ്റ്ററുകൾ പോലും പുറത്തിറങ്ങിയത്. അന്നിറങ്ങിയ ഭൂരിഭാഗം സിനിമകളുടെ പേരുകള്‍ പോലും സ്ത്രീകഥാപാത്രങ്ങളുടേതായിരുന്നു. മറിയക്കുട്ടി (1958) ചേച്ചി (1950) നല്ല തങ്ക(1950) പ്രസന്ന (1950) ചന്ദ്രിക (1950) സ്ത്രീ (1950) എന്നിങ്ങനെ പോകുന്നു അവ. മലയാളിത്തം തുളുമ്പിയ മലയാളത്തിലെ ആദ്യ സിനിമയായി അടയാളപ്പെടുത്തിയ നീലക്കുയില്‍ (1954) അവതരിപ്പിച്ച കേന്ദ്രകഥാപാത്രം ഒരു ദളിത് സ്‌ത്രീയുടേത് ആയിരുന്നു . പില്‍ക്കാല മലയാള സിനിമകള്‍ സ്‌ത്രീകളെപ്പോലും കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കാന്‍ മടിച്ചപ്പോഴാണ് ജാതീയ മേല്‍ക്കോയ്മയില്‍ ഇരയാക്കപ്പെടുന്ന ദളിത് സ്ത്രീയുടെ കഥ പറഞ്ഞ് നീലക്കുയില്‍ ചരിത്രത്തിലിടം നേടുന്നത്.സംവിധായകൻ ഫാസിൽ സ്‌ത്രീ കഥാപാത്രങ്ങളെ മുന്നിൽ നിർത്തി ഒട്ടേറെ ഹിറ്റുകൾ വാരിക്കൂട്ടി. എന്റെ ‚മാമാട്ടി കുട്ടിയമ്മയും നോക്കത്താ ദൂരത്ത് കണ്ണും നട്ടും എന്റെ സൂര്യ പുത്രിയുമെല്ലാം വൻ കളക്ഷൻ നേടിയപ്പോൾ ഫാസിലിന്റെ വ്യത്യസ്ഥ ശൈലിയിലൂടെ സ്‌ത്രീകഥാപാത്രങ്ങൾക്ക് സിനിമയിൽ പ്രാധാന്യം കൂടി . മലയാളത്തിലെ ജനപ്രിയചിത്രങ്ങള്‍ എന്നും നായകന്മാരുടെ അപദാനങ്ങള്‍ ഏറ്റുപാടിയപ്പോള്‍ അതിലെ സ്ത്രീ സാന്നിധ്യം പെങ്ങളോ കാമുകിയോ അമ്മയോ മാത്രമായി ഒതുങ്ങി. സിനിമാ മേഖലയുടെ ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം കാണിച്ച സ്ത്രീപക്ഷ രാഷ്ട്രീയം പുതിയകാല സിനിമകളും ആവർത്തിക്കുമ്പോൾ സ്‌ത്രീ കഥാപാത്രങ്ങൾ കേന്ദ്ര ബിന്ദുവായ കൂടുതൽ സിനിമകൾ നമുക്ക് ഇനി പ്രതീക്ഷിക്കാം .

Exit mobile version